തിരുവനന്തപുരം: ഓട നിർമ്മാണംമൂലം ദുരിതത്തിലായിരിക്കുകയാണ് കുര്യാത്തി കളിപ്പാൻകുളം റസിഡന്റ്സ് അസോസിയേഷനിലെ നിവാസികളും യാത്രക്കാരും. വെള്ളക്കെട്ട് പരിഹരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്നാണ് ഓട നിർമ്മാണം ആരംഭിച്ചത്.
എന്നാൽ ഓടയ്ക്കായി നിർമ്മിച്ച സ്ലാബുകളാണ് ഇപ്പോൾ പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കെ.കെ റോഡിൽ സ്ലാബുകൾ കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾക്കൊന്നും പോകാനാകില്ല. രണ്ട് മാസമായി വാഹനസൗകര്യമില്ലാതെ വലയുകയാണെന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലത്ത് കെ.കെ റോഡ്, കടിയപട്ടണം ലെയിൻ,കളിപ്പാൻകുളം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനാണ് ഓട നിർമ്മാണം ആരംഭിച്ചത്.അസോസിയേഷനിൽ താമസിക്കുന്നവർ വീടിന്റെ ഗേയ്റ്റിൽ ഷട്ടർ ഘടിപ്പിച്ചാണ് വെള്ളം കയറാതെ തടഞ്ഞിരുന്നത്. തുടർന്ന് നാട്ടുകാർ പലതവണ പരാതി നൽകിയതിനെ തുടർന്നാണ് ഓട നിർമ്മാണം ആരംഭിച്ചത്. പണി തുടങ്ങിയതിന് പിന്നാലെ ഓട മൂടുന്നതിനായുള്ള സ്ലാബുണ്ടാക്കി റോഡിൽ നിരത്തി. ഇരുചക്ര വാഹനത്തിന് പോലും കടന്നുപോകാനാവാത്ത സ്ഥിതിയിലാണ് സ്ലാബ് ഇട്ടിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പലതവണ നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടികൾ ഇഴയുകയാണ്. എത്രയും ഓട നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കളിപ്പാൻകുളം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മഴയും സാങ്കേതിക കാരണങ്ങളും പറഞ്ഞ് ഓട നിർമ്മാണം വൈകിപ്പിക്കുകയാണ്. എത്രയും വേഗം സ്ലാബുകൾ സ്ഥാപിച്ച്, റോഡ് ഗതാഗതയോഗ്യമാക്കണം. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണം.
പദ്മകുമാർ,സെക്രട്ടറി കളിപ്പാൻകുളം റസിഡന്റ്സ് അസോസിയേഷൻ