തിരുവനന്തപുരം: സ്‌കൂളില്‍ വൈകിയെത്തിയതിന് കുട്ടിയെ വെയിലത്ത് ഓടിക്കുകയും ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ഒരു വിവേചനവും അനുവദിക്കില്ലെന്നും ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. എറണാകുളം തൃക്കാക്കരയിലെ കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.'- മന്ത്രി വ്യക്തമാക്കി. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ല.
എറണാകുളത്തെ ഒരു സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാല്‍ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കുറഞ്ഞുവരുന്നത്. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകര്‍ക്കും കൃത്യമായ പരിശീലനം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കും.