health

മോശം ഭക്ഷണ രീതികള്‍ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുചെന്ന് എത്തിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ അമിതമായും സ്ഥിരമായും കഴിച്ചാലാണ് ആരോഗ്യത്തിന് ഹാനികരമെന്ന് അറിയാമെങ്കിലും നാം ഇതിന്റെ രുചി കാരണം കൊതിയോടെ കഴിക്കുന്നു. മുതിര്‍ന്നവര്‍ക്കെന്നപോലെ തന്നെ കുട്ടികള്‍ക്കും ഇത്തരം ഭക്ഷണം വാങ്ങിക്കൊടുക്കുന്ന പ്രവണത നമ്മുടെ നാട്ടിലും വര്‍ദ്ധിച്ച് വരികയാണ്. ഇത് ഗുരുതരമായ സ്ഥിതിയിലേക്കാണ് മുതിര്‍ന്നവരെപ്പോലെ കുട്ടികളേയും എത്തിക്കുന്നത്.

ഈ ശീലങ്ങളുള്ള രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് പ്രശസ്ത ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ സൗരഭ് സേഥി നല്‍കുന്നത്. നമ്മുടെ കുട്ടികളില്‍ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന അസുഖം വ്യാപകമാകുന്നുവെന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിവരിക്കുന്നത്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്,സോഡയുടെ സാന്നിദ്ധ്യമുള്ള കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ പോലെ വലിയ അളവില്‍ മധുരം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആണ് കുട്ടികളെപ്പോലും ഈ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്.

പേസ്ട്രി, ശീതളപാനീയങ്ങള്‍, കുക്കികള്‍ പോലുള്ള മധുരമുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഹാനീകരമാണ്. പഞ്ചസാരയില്‍ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ് അടങ്ങിയിരിക്കുന്നത്. ഗ്ലൂക്കോസ് ശരീരത്തിന് മുഴുവന്‍ ഊര്‍ജം നല്‍കുമ്പോള്‍, അധികമുള്ള ഫ്രക്ടോസ് കരളില്‍വെച്ച് കൊഴുപ്പായി മാറുന്നു. ഇത് ഫാറ്റി ലിവറെന്ന സ്ഥിതിയിലേക്ക് എത്തിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ കുട്ടികളില്‍ എത്തിയാല്‍ അത് ഒരു സ്ഥിരം മദ്യപാനിയില്‍ സംഭവിക്കുന്നത്‌പോലെയുള്ള അവസ്ഥയിലേക്ക് എത്തിച്ചേക്കാം. കുട്ടികളിലെ ഈ അവസ്ഥ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഗുരുതരമായ സിറോസിസ് ആയി മാറുകയും കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ ആവശ്യമായി വരികയും ചെയ്യാമെന്നും ഡോക്ടര്‍ സൗരഭ് സേഥി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.