ഈ വർഷം ഐഫോൺ പ്രേമികൾക്ക് വലിയ സമ്മാനവുമായി ആപ്പിൾ കമ്പനി. ഐഫോൺ 17 സീരീസിന്റെ മഹാലോഞ്ചുമായി ഐഫോൺ 17 പ്രോ മാക്സ് സെപ്തംബറിൽ എത്തുന്നു. വർഷങ്ങളായി ഒരേ പോലുള്ള ഡിസൈനുകളിലാണ് ഐഫോൺ വേരിയന്റുകളും പ്രോ മോഡലുകളുമെല്ലാം ഇറങ്ങിയത്. പതിവിൽ നിന്ന് വ്യത്യസ്തമായാണ്, ഇപ്പോൾ ഡിസൈൻ മാറ്റത്തിൽ വരുത്തിയിരിക്കുന്നത്. സീരീസിലെ ഏറ്റവും ടോപ്പായാണ് 17 പ്രോ മാക്സ് എത്തുക. ഇത്തവണ ഐഫോൺ 17, 17പ്രോ, 17പ്രോ മാക്സ് എന്നിവയ്ക്ക് പുറമേ 17 സ്ലിം എന്ന പുതിയ വേരിയന്റ് കൂടി വിപണിയിൽ എത്തുന്നുണ്ട്. പ്ലസിന് പകരം എത്തുന്ന മോഡലാണിത്.
ഐഫോൺ 17 സ്ലിം ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയെങ്കിലും ആപ്പിൾ പ്രേമികൾക്ക് ആകാംക്ഷയാകുന്നത് ഐഫോൺ 17പ്രോ മാക്സിന്റെ പ്രത്യേകതകളാണ്. കാരണം ഫോണിന്റെ വേറിട്ട ഡിസൈനാണ്.
പുതിയ മാറ്റങ്ങളെന്തെല്ലാം?
ഇത്തവണ കളറുകളിൽ നല്ല വെറൈറ്റി പിടിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. കറുപ്പ്, വെള്ള, ചാര, കടുംനീല, ഓറഞ്ച്, എന്നീ അഞ്ച് ഷേഡുകളിലാണ് ഫോൺ എത്തുന്നത്. 17പ്രോ മാക്സിന്റെ ക്യാമറകളിൽ ത്രികോണാകൃതിയിലുള്ള ക്യാമറ യൂണിറ്റാണ് ഏറെ ആകർഷകമായത്. ഇതിൽ വലിയ ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡും നൽകുന്നുണ്ട്. ഫോണിൽ ലോഗോ കുറച്ചുകൂടി താഴേയ്ക്ക് സ്ഥാപിക്കുമെന്നും സൂചനയുണ്ട്. ടൈറ്റാനിയം ഫ്രെയിം ഒഴിവാക്കി അലുമിനിയം ഫ്രെയിമിലാണ് ഐഫോൺ 17പ്രോ മാക്സ് ലോഞ്ച് ചെയ്യുന്നത്. ഈ വർഷം ആപ്പിൾ പുറത്തിറക്കുന്ന ഫോണുകളുടെ വില കൂടുതലാകാൻ സാധ്യതയുണ്ട്. കൃത്യമായ വിലയെ കുറിച്ച് ആപ്പിൾ കമ്പനി ഇനിയും സ്ഥിരീകരണം നടത്തിയിട്ടില്ല. എക്സിൽ പങ്കിട്ട പോസ്റ്റിലാണ് പുതിയ മാറ്റങ്ങൾ അറിയിച്ചത്.