മാന്നാർ: വെള്ളാപ്പള്ളി കനിവ് പദ്ധതിയിൽ ചികിത്സാ ധന സഹായത്തിലൂടെ 300 പേർക്ക് സാന്ത്വനമേകാൻ ഒരുങ്ങുകയാണ് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ. സെപ്തംബർ 7 ന് 171-ാമത് തിരുചതയ മഹാജയന്തി ദിനത്തിൽ മാന്നാർ യൂണിയൻ ഓഫീസ് കെട്ടിട സമുച്ചയം ഉദ്ഘാടനത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായ വിതരണം നടത്തുമെന്ന് യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി. ശ്രീരംഗം, ജോ.കൺവീനർ പുഷ്പാ ശശികുമാർ എന്നിവർ അറിയിച്ചു. ജനറൽ സെക്രട്ടറിക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിൽ ഒരുക്കിയ ഹാളിന് വെള്ളാപ്പള്ളി നടേശന്റെ പേര് നൽകുവാനും തീരുമാനിച്ചതായി യൂണിയൻ ഭാരവാഹികൾ പറഞ്ഞു. മാന്നാർ യൂണിയനിലെ 28 ശാഖകളിൽ നിന്നും തികച്ചും അർഹരായ 300 പേർക്കാണ് ചികിത്സാ ധനസഹായം നൽകുന്നത്. കർമ്മ സാരഥ്യത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവും ഗുരു പ്രഭാഷകൻ ഡോ.എം.എം ബഷീറിന്റെ സപ്തതി ആഘോഷവും മാന്നാറിനെ പീത സാഗരമാക്കി സംയുക്ത ചതയ ഘോഷയാത്രയും അന്ന് നടക്കും. കുമാരി-കുമാര സംഘത്തിലെ 1000 പേർ ഒരേ വേഷത്തിൽ ഘോഷയാത്രയിൽ അണി നിരക്കും. ഇതിന്റെ വിജയത്തിനായി യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ചെയർമാനും കൺവീനർ അനിൽ പി.ശ്രീരംഗം ജനറൽ കൺവീനറും ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ കൺവീനറും. അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി സൂരജ് രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിൽകുമാർ ടി.കെ എന്നിവർ വൈസ് ചെയർമാൻമാരും ഹരിപാലമൂട്ടിൽ, അനീഷ് പി.ചേങ്കര എന്നിവർ ജോ. കൺവീനർമാരുമായി നൂറോളം പേർ അംഗങ്ങളായുള്ള സ്വാഗത സംഘം മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.