ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പാകിസ്ഥാൻ, മിസൈൽ ആക്രമണ ശേഷി കൂട്ടാൻ പുതിയ സൈനിക വിഭാഗം രൂപീകരിക്കാൻ ഒരുങ്ങുന്നു. ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡിന്റെ രൂപീകരണം പ്രഖ്യാപിച്ചത്. ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതാകും ഈ വിഭാഗമെന്നാണ് ഷെഹ്ബാസിന്റെ അവകാശവാദം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ (പി.എൽ.എ.ആർ.എഫ്) മാതൃകയിലാണ് ഇത് രൂപീകരിക്കുക.