കൊച്ചി : ഏറെ വിവാദങ്ങൾക്കിടയാക്കിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബി. രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു. എൻ.പി. സുബൈറിനെ ട്രഷററായി തിരഞ്ഞെടുത്തു. അതേസമയം എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു.
സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആൽവിൻ ആന്റണി, എംഎം ഹംസ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സരിച്ചത്. വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരുമായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ബി. രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നൽകിയ പാനലിൽ മത്സരിച്ചവരാണ്. നേരത്തെ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും സാന്ദ്രയുടെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹർജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.