agriculture


പാലോട്: കൂണ്‍കൃഷിയില്‍ മാതൃകയൊരുക്കുകയാണ് നന്ദിയോട്ടെ കര്‍ഷകര്‍. കൂണ്‍ രുചിയിലും പോഷക ഗുണത്തിലും സമ്പൂര്‍ണ ആഹാരമാണ്. കമ്പോസ്റ്റിംഗ്, സ്റ്റാര്‍ട്ടര്‍ കള്‍ച്ചല്‍ ചേര്‍ക്കല്‍, കേസിംഗ്, പിന്‍ ചെയ്യല്‍, വിളവെടുപ്പ് എന്നിങ്ങനെ 6 ഘട്ടങ്ങളാണ് കൂണ്‍ കൃഷിക്കുള്ളത്. കൃത്യമായ രീതിയില്‍ കൂണ്‍കൃഷി നടത്തിയാല്‍ വന്‍ ലാഭംകൊയ്യാമെന്നതിനാല്‍ പുതുതലമുറയെ കൂണ്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

കുറുപുഴ സീതാ കോകിലത്തില്‍ ജയകുമാര്‍, ചൂടല്‍ കടമാന്‍കുന്ന് അഖില്‍ ഭവനില്‍ അഖില്‍ ആന്റണി, പാലുവള്ളിയിലെ ഉമാശങ്കര്‍, ആലംപാറ ദ്വാരകയിലെ അനില്‍കുമാര്‍, പച്ച ഭഗവതി വിലാസം വീട്ടില്‍ അനിതകുമാരി തുടങ്ങിയവരാണ് കൂണ്‍കൃഷിയിലെത്തിയത്. വീടിനോടുചേര്‍ന്നുള്ള അടുക്കളയിലാണ് ചെറിയ ഫാം ഒരുക്കിയത്. 18ബെഡുള്ള ഫാമാണ് ഒരുക്കിയത്.


പ്രധാന വളര്‍ത്തിനങ്ങള്‍

ബട്ടണ്‍, ഒയസ്റ്റര്‍, ഇനോക്കി, ഷിക്കാറ്റോ


കൂണുകള്‍

പൊട്ടാസ്യം,മിനറലുകള്‍,കോപ്പര്‍,സെലനിയം,സിങ്ക്,മഗ്‌നീഷ്യം എന്നിവയാല്‍ ധാതുസമ്പുഷ്ടമാണ്.

കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം വൈറ്റമിന്‍സി എന്നിവ ഹൃദയരോഗ്യത്തിന് നല്ലതാണ്. ഹൃദയധമനികള്‍ രക്തകുഴലുകള്‍ എന്നിവയിലെ കൊഴുപ്പ് നീക്കാനും സഹായിക്കും. കൂണ്‍ ശരീരത്തിലെ മെറ്റബോജിക് പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് കൊഴുപ്പ് കുറയ്ക്കുന്നു.വൈറ്റമിന്‍ഡി, കാത്സ്യം എന്നിവ അസ്ഥികള്‍ക്കും നല്ലതാണ്.


ഫാം ഒരുക്കം

ജി.ഐ പൈപ്പിന്റെ ഘടനയില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷീറ്റ് കൊണ്ട് വശങ്ങള്‍ മറച്ചാണ് ഫാന്‍ ആന്‍ഡ് പാഡ് ഫാം ഒരുക്കുന്നത്. ഇതില്‍ താപനില നിയന്ത്രിക്കുന്നത് എക്സ്ഹോസ്റ്റ് ഫാനാണ്. സൂര്യപ്രകാശത്തിനുപകരം ട്യൂബ് ലൈറ്റ് പോലുള്ള കൃത്രിമ ലൈറ്റാണ് ഉപയോഗിക്കുന്നത്. തെര്‍മോ ഹൈഗ്രോ മീറ്റര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ താപനില അളക്കുന്നു. ചൂട് 25-28 സെന്റിഗ്രേഡ് വരെയാണ് അഭികാമ്യമെന്ന് കര്‍ഷകര്‍ പറയുന്നു.


പാല്‍ക്കൂണും ചിപ്പിക്കൂണും

പ്രധാനമായും പാല്‍ക്കൂണും ചിപ്പിക്കൂണുമാണ് കൃഷി ചെയ്യുന്നത്.വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നതാണ് ചിപ്പി കൂണ്‍. കൃഷിക്ക് ഉപയോഗിക്കുന്ന അറക്കപ്പൊടി നാലുമാസത്തിനുശേഷം വേസ്റ്റാകും. ഇത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കും. ഉപേക്ഷിക്കുന്ന അറക്കപ്പൊടി നല്ലൊരു വളമാണ്. ഈ വളം ഉപയോഗിച്ച് വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയും ചെയ്യാം.