ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയായ പ്രധാനമന്ത്രി വികസിത് റോസ്‌ഗാർ യാേജനയ്ക്ക് ആരംഭമായി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമാേദിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
3.5 കോടി യുവാക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. 2047ഓടെ വികസിത രാജ്യമാകുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് വലിയ സംഭാവനകൾ നൽകുന്നതിന് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിക്കുളള അംഗീകാരം കേന്ദ്രമന്ത്രിസഭായോഗം നേരത്തേ നൽകിയിരുന്നു. തൊഴിലധിഷ്ഠിത വികസനത്തിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ നിർണായക ഭാഗമാണിത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് റോസ്‌ഗാർ യാേജന. രണ്ടുവർഷമാണ് പദ്ധതിയുടെ കാലാവധി. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. രണ്ടുവർഷംകൊണ്ട് സ്വകാര്യമേഖലയിലടക്കം 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരായിരിക്കും. ഈ പദ്ധതിപ്രകാരം തൊഴിൽ അന്വേഷകർക്ക് സ്വകാര്യമേഖലയിലാണ് ജോലി ലഭിക്കുന്നതെങ്കിൽ കേന്ദ്രത്തിൽ നിന്ന് 15,000 രൂപ നൽകും. ആറുമാസം ഇടവിട്ട് 7500 രൂപവീതമായിരിക്കും നൽകുക. ഒരുലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കാണ് ഇതിന് അർഹത ഉണ്ടാവുക.
ഇതുകൂടാതെ പുതുമുഖങ്ങളെ (ഫ്രഷേഴ്‌സിനെ) ജോലിക്കെടുക്കുന്ന കമ്പനികൾക്ക് വലിയതോതിലുളള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആനുകൂല്യങ്ങളും നൽകും. 2025 ഓഗസ്റ്റ് 1 നും 2027 ജൂലായ് 31 നും ഇടയിൽ സൃഷ്ടിക്കപ്പെട്ട ജോലികൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമായിരിക്കും.