anjana

പാലക്കാട്: ഓവുചാലിന് മുകളിൽ വഴുതിവീണ യുവതിയുടെ കാൽ ഇരുമ്പ് കമ്പികൾക്കിടയിൽ കുടുങ്ങി. പാലക്കാട് ഐഎംഎ ജംഗ്‌ഷന് സമീപം സ്റ്റേഡിയം സ്റ്റാൻഡിലേക്കുള്ള റോഡിലായിരുന്നു സംഭവം. അഗ്നിരക്ഷാസേന എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവരുടെ ഇടതുകാൽമുട്ടിന് പരിക്കേറ്റു.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ജന (23) എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഓഫീസിൽ നിന്ന് റോഡിനപ്പുറമുള്ള കടയിലേക്ക് ചായ കുടിക്കാൻ പോയതായിരുന്നു. ഇതിനിടെ മഴയത്ത് തെന്നിവീഴുകയായിരുന്നു. ഓവുചാലിന്റെ മുകളിൽ വച്ചിരുന്ന കമ്പികളുള്ള മൂടിയിൽ കാൽമുട്ട് കുടുങ്ങി. കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വേദന സഹിക്കവയ്യാതെ അഞ്ജന കരഞ്ഞുകൊണ്ട് നിലത്തിരുന്നു. സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപെട്ടെങ്കിലും രക്ഷപ്പെടുത്താനായില്ല.

തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇവരെത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ട് കമ്പികൾ മുറിച്ചാണ് കാൽ പുറത്തെടുത്തത്. സീനിയർ ഫയർ ഓഫീസർ എസ് സനൽകുമാർ, ഫയർ ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, ആർ രതീഷ്, പ്രവീൺ, നവനീത് കണ്ണൻ, ഫയർ ഓഫീസർ ഡ്രൈവർ ശിവദാസൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.