ലോകത്ത് സംഭവിക്കുന്ന മരണങ്ങളുടെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, ഏറ്റവും കൂടുതലും സംഭവിക്കുന്നത് ക്യാൻസർ എന്ന മഹാരോഗം കാരണമായിരിക്കും. 2020ൽ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഏകദേശം പത്ത് മില്യൺ മരണവും സംഭവിച്ചത് ക്യാൻസർ കാരണമായിരുന്നു. ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നതനുസരിച്ച് ഓരോ തവണയും സംഭവിക്കുന്ന ആറ് മരണങ്ങളിൽ ഒന്ന് ക്യാൻസർ കാരണമാണ്. ക്യാൻസർ സാദ്ധ്യതയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ട്. എന്നാൽ 30 മുതൽ 50 ശതമാനം വരെ ക്യാൻസർ തടയാൻ സാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ക്യാൻസർ സാദ്ധ്യത കുറയ്ക്കാൻ കഴിയുന്ന തരത്തിലുളള ജീവിതശൈലിയാണ് ആദ്യമായി നടപ്പിലാക്കേണ്ടത്. അതിൽ പ്രധാനമാണ് ഭക്ഷണരീതി. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ദനായ ഡോക്ടർ. വില്യം ലി പറയുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
1. ചായ, കോഫി
മിക്കവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന രണ്ട് പാനീയങ്ങളാണ് ചായയും കോഫിയും. കോഫിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളുടെ പ്രവർത്തനം തടയാൻ സഹായിക്കും. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങളിലേക്കുളള രക്തവിതരണം തടസപ്പെടുത്തുവെന്നാണ് ഡോക്ടർ ലി പറയുന്നത്. ഉദാഹരണത്തിൽ ഷാംഗ്ഹായ് വനിതാരോഗ്യ പഠനത്തിൽ, 69,000 സ്ത്രീകളെ നിരീക്ഷിക്കുകയുണ്ടായി. ഇവയിൽ ഗ്രീൻ ടീ കുടിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചായ കുടിക്കുന്നവർക്ക് വൻകുടൽ ക്യാൻസർ വരാനുളള സാദ്ധ്യത കുറവാണെന്ന് കണ്ടെത്തി.
2. ബ്രാസിക്ക പച്ചക്കറികൾ
ഭക്ഷണത്തിൽ ബ്രാസിക്ക വിഭാഗത്തിൽ നിന്നുളള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ ഗുണം ചെയ്യും. ബ്രോക്കോളി, ബ്രസ്സൽസ് മുളകുകൾ, കാലെ, അരുഗുല തുടങ്ങിയവയിൽ ഐസോത്തിയോസയനേറ്റുകൾ, സൾഫോറാഫെയ്നുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ കോശങ്ങളിലേക്കുളള രക്തവിതരണം, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും.
3. ബീൻസ്
ഭക്ഷണത്തിൽ ബീൻസ് ഉൾപ്പടെയുളള പയറുവർഗങ്ങൾ ചേർക്കുക. ഇവ ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. വൈറ്റ് ബിൻസ്, ബ്ലാക്ക് ബീൻസ്. പിന്റോ ബീൻസ്, സോയാബീൻസ്, എഡമേം തുടങ്ങിയവ നാരുകളാൽ സമ്പന്നമാണ്. ഇത് വൻകുടൻ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.
4. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ഭക്ഷണത്തിൽ കൂടുതൽ മത്സ്യങ്ങൾ ചേർക്കുന്നത് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. ആങ്കോവികൾ, സാർഡിനുകൾ, അയല.ചെമ്മീൻ, കക്ക എന്നിവയിൽ ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയും വൻകുടൽ ക്യാൻസർ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.