smartphone-use

13 വയസിന് മുമ്പ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ മാനസികാരോഗ്യം തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഒരു ലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജേണൽ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ണ്ടെത്തൽ. സ്മാർട്ട്‌ഫോൺ ലഭിച്ച 12 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾക്ക് 18 മുതൽ 24 വയസ് ആകുമ്പോഴേക്കും ആത്മഹത്യാ പ്രവണത, അക്രമവാസന, യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ച, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, കുറഞ്ഞ ആത്മാഭിമാനം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

സ്മാർട്ട്‌ഫോണുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുകയും സൈബർ ഭീഷണികൾ, ഉറക്കക്കുറവ്, പ്രായപൂർത്തിയാകുമ്പോൾ തന്നെ കുടുംബബന്ധങ്ങൾ മോശമാകാനുള്ള സാധ്യത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.


സമീപ വർഷങ്ങളിൽ, ഫ്രാൻസ്, നെതർലൻഡ്‌സ്, ഇറ്റലി, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സ്കൂളുകളിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തുന്ന നയങ്ങൾ സ്‌കൂളുകളിൽ ഉണ്ടായിരിക്കണമെന്ന് യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങൾ നിയമനിർമ്മാണവും നടത്തിയിട്ടുണ്ട്.

'വികാരങ്ങളുടെ നിയന്ത്രണം, ആത്മാഭിമാനം, തുടങ്ങിയവയിൽ സ്മാർട്ട് ഫോണുകൾ കുട്ടികളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി ചൂണ്ടിക്കാട്ടി, സാപിയൻ ലാബ്സിന്റെ ഗവേഷണം കുട്ടികളുടെ സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയാണ് എടുത്തുകാണിക്കുന്നത്'. സംഘടനയുടെ സ്ഥാപകയായ താര ത്യാഗരാജൻ പറഞ്ഞു.