പാലക്കാട്: വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ ഇന്ന് പുലർച്ചെയാണ് അപകടം. ബിജുക്കുട്ടൻ സഞ്ചരിച്ച കാർ പുലർച്ചെ ആറ് മണിയോടെ ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിയുടെ പിന്നിൽ പോയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പാടേ തകർന്നു. ബിജുക്കുട്ടന് നേരിയ പരിക്കാണ് ഏറ്റത്. അതേസമയം കാർ ഡ്രൈവർക്ക് പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഇരുവരും ചികിത്സ തേടി.
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോകുകയായിരുന്നു ബിജുക്കുട്ടൻ. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അദ്ദേഹം എറണാകുളത്തേക്ക് തിരിച്ചു.