ന്യൂഡൽഹി: ജിഎസ്‌ടി പരിഷ്കരണം നടപ്പിലാക്കും എന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറഞ്ഞേക്കും. ജിഎസ്‌ടി നിരക്കുകൾ കുറയ്ക്കും എന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയത്. സാധാരണക്കാർക്ക് പ്രയോജനകരമായിരിക്കും പരിഷ്കാരം എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
'ഈ ദീപാവലിക്ക് ഞാൻ ഒരു വലിയ സമ്മാനം നൽകാൻ പോകുന്നു. കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ വലിയ ജിഎസ്‌ടി പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും നികുതികൾ ലളിതമാക്കുകയും ചെയ്തു. ഇപ്പോൾ, ഒരു അവലോകനത്തിനുള്ള സമയം വന്നിരിക്കുന്നു. സംസ്ഥാനങ്ങളുമായി ഇക്കാര്യത്തെക്കുറിച്ച് കൂടിയാലോചിച്ചു, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കരണം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്'- സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ ജിഎസ്‌ടി സംവിധാനത്തിൽ പൂജ്യം ശതമാനം മുതൽ 28 ശതമാനം വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളാണ് ഉള്ളത്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഒട്ടുമിക്കവയ്ക്കും 12 ശതമാനം, 18 ശതമാനം എന്നിവയാണ് സാധാരണ നിരക്കുകൾ. നിലവിലുളള ജിഎസ്‌ടി സ്ലാബുകളുടെ എണ്ണം കുറച്ചേക്കും എന്നാണ് റിപ്പോർട്ട്. സ്ലാബുകളുടെ എണ്ണം മൂന്നായി കുറച്ചേക്കും എന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
മോദിസർക്കാരിന്റെ സാമ്പത്തിക അജണ്ടയിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പായിരിക്കും ജിഎസ്‌ടി പരിഷ്കരണം എന്നാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ചും അമേരിക്കൻ പ്രസിഡന്റ് ഡാെണാൾഡ് ട്രംപ് ഇരട്ടത്തീരുവ ചുമത്തിയതുമൂലമുണ്ടായ സാമ്പത്തിക പ്രക്ഷുബ്ദ്ധതയ്ക്കിടെ. ജിഎസ്‌ടി പരിഷ്കരണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉത്തേജനം നൽകാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.
ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നത് തുടക്കത്തിൽ സർക്കാരിന്റെ വരുമാനത്തെ ഗണ്യമായ തോതിൽ കുറയ്ക്കും. എന്നാൽ വിൽപ്പനയുടെ തോത് കാര്യമായി ഉയരും. ഇതിലൂടെ വരുമാനനഷ്ടം വൻതോതിൽ കുറയ്ക്കാനാവും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. പരമാവധി സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിച്ച് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ കേടുതീർക്കാൻ ബിജെപിയും എൻഡിഎ മുന്നണിയും ലക്ഷ്യമിടുന്നുണ്ട്. ജിഎസ്‌ടി പരിഷ്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചാൽ ഇത് കൂടുതൽ എളുപ്പമാകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും കണക്കുകൂട്ടുന്നുണ്ട്.