വാർസോ: കോടിക്കണക്കിന് രൂപയുടെ മൂല്യമുളള നിധിശേഖരം കണ്ടെത്തി ഒരു കൂട്ടം യുവാക്കൾ. പോളണ്ടിലെ ഗ്രോഡ്സിക് വനത്തിലേക്ക് അവധിക്കാലം ആഘോഷിക്കാനായി യുവാക്കൾ നടത്തിയ ഒരു യാത്രയാണ് പുരാവസ്തു ഗവേഷണത്തിന് ഊർജം പകർന്നിരിക്കുന്നത്. യാത്ര നടത്തിയവർ ചരിത്രഗവേഷകരാണെന്നും റിപ്പോർട്ടുകളുണ്ട്, ജൂണിലായിരുന്നു ഇവർ യാത്ര ആരംഭിച്ചത്. അഞ്ച് ആഴ്ചകൾക്കുള്ളിൽത്തന്നെ അവർ പല പുരാവസ്തുക്കളും കണ്ടെത്താൻ ആരംഭിച്ചിരുന്നു.
റോമൻ കാലഘട്ടത്തിൽ മൃതദേഹങ്ങളെ അടക്കം ചെയ്ത സ്ഥലമാണ് അവർ ആദ്യമായി കണ്ടെത്തിയത്. ഒരു ശവക്കുഴിയിൽ നിന്ന് യോദ്ധാവിന്റെ മൃതദേഹാവശിഷ്ടങ്ങളും അയാൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെത്തി. ദിവസങ്ങൾക്കുളളിൽ തന്നെ പതിനൊന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന കുറേ നാണയങ്ങൾ ഒരു മൺകുടത്തിൽ നിന്ന് അവർ കണ്ടെത്തി. കാലിസ് സർവകലാശാലയിലെത്തിച്ചാണ് കലം തുറന്നത്. അവിടെ വച്ചാണ് നാണയങ്ങളുടെ കാലപ്പഴക്കം സ്ഥിരീകരിച്ചത്. ജൂൺ അവസാനത്തോടെ രണ്ടാമത്തെ കുടവും കണ്ടെത്തി. അതിലും നാണയങ്ങളായിരുന്നു.
എന്നാൽ യുവാക്കളെ അതിശയിപ്പിച്ചത് ഇതൊന്നുമായിരുന്നില്ല. ജൂലായ് 12നാണ് അവർക്ക് വൻ നിധിശേഖരം ലഭിച്ചത്. സംഘത്തിലുണ്ടായിരുന്ന മാത്യൂസാണ് അത് കണ്ടെത്തിയത്. തിളക്കം ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം ബ്രേസ്ലെറ്റ് ആയിരിക്കുമെന്നാണ് അയാൾ കരുതിയത്. എന്നാൽ സൂക്ഷ്മമായി ശ്രദ്ധിച്ചപ്പോഴാണ് കാര്യം പുറത്തായത്. അത് 222 ഗ്രാം ഭാരമുളള ഒരു സ്വർണമാലയായിരുന്നു. അഞ്ചാം നൂറ്റാണ്ടിലാണ് മാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഒരു വലിയ പാത്രത്തിനുളളിലായിരുന്നു മാല കണ്ടെത്തിയത്. മാലയുടെ കൊളുത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിരുന്നില്ല. പിന്നിടാണ് മാലയെക്കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടന്നത്. ഒരുകാലത്ത് പോളണ്ടിന്റെ ചില ഭാഗങ്ങളിൽ സ്ലാവുകളായി വസിച്ചിരുന്ന ജർമ്മൻ സമൂഹമായ ഗോതിക് ജനത ഉപയോഗിച്ചിരുന്ന മാലയെന്നാണ് കണ്ടെത്തിയത്.