കേരളചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഭരണാധികാരിയായിരുന്നു തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ. ഇന്ത്യയിലാദ്യമായി ഒരു വൈദേശിക സേനയെ ഒരു നാട്ടുരാജ്യം പരാജയപ്പെടുത്തിയത് തിരുവിതാംകൂറിലാണ്. 1741ൽ കുളച്ചലിൽ (ഇന്നത്തെ തമിഴ്‌നാട്ടിൽ) നടന്ന യുദ്ധത്തിൽ ഡച്ച് സേനയെയാണ് തിരുവിതാംകൂർ സേന തോൽപ്പിച്ചത്. നിരവധി ക്ഷേത്രങ്ങൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് നാട്ടിൽ സ്ഥാപിച്ചു. അവയിൽ ഏറെ ശ്രദ്ധേയമായൊരു രാമക്ഷേത്രമുണ്ട്. ഇന്നത്തെ തമിഴ്‌നാട്ടിലെ കൽക്കുളത്തുള്ള ശ്രീരാമക്ഷേത്രമാണത്.
പ്രശസ്‌തമായ പദ്‌മനാഭപുരം കൊട്ടാരത്തിന്റെ ഗൃഹപ്രവേശം നടന്ന ദിവസം തന്നെയാണ് ഈ ക്ഷേത്രം സമർപ്പിച്ചത്. അന്നുവരെ കൽക്കുളം എന്നറിയപ്പെട്ട സ്ഥലത്തിന് പദ്‌മനാഭപുരം എന്ന് പേര് മാറ്റിയതും അന്നാണ്. മലയാളവർഷം 919 മേടം 10നാണ് (1744) ക്ഷേത്രപ്രതിഷ്‌ഠ നടത്തിയതെന്ന് ചുരുണകളിൽ പറയുന്നു. കോട്ടയ്‌ക്കകത്ത് വടക്കുപടിഞ്ഞാറേ കോണിലാണിതെന്ന് രേഖയിലുണ്ട്.
തമിഴ്‌നാട്ടിലാണ് ക്ഷേത്രമെങ്കിലും പൂർണമായും കേരളീയ വാസ്‌തുവിദ്യാ ശൈലിയിലാണ് നിർമ്മാണം. ശ്രീകോവിൽ,നമസ്‌കാരമണ്ഡപം, നാലമ്പലം, വിളക്കുമാടം, ബലിക്കല്ലുകൾ എന്നിവയെല്ലാം കേരളീയ സംസ്‌കാരം എടുത്തുകാട്ടുന്നു.
വില്ലേന്തിയ ആറടിയോളം ഉയരമുള്ള രാമന്റെ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. മരത്തിന്റ ചട്ടക്കൂട്ടിൽ തീർത്ത നാലായിരം ലോഹവിളക്കുകളും ക്ഷേത്രത്തിൽ ഭക്തരെ ആനന്ദിപ്പിക്കും. ഇതിനുമുകളിലായി തടിയിൽ കൊത്തിയ രാമായണ കഥകളും കാണാം. തിന്മയുടെ മേൽ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുന്ന കഥകൾ കാണാൻ വളരെ ആകർഷകമാണ്.
എന്നാൽ ഈ തടിയിലെ മനോഹര നിർമ്മിതികൾ ഇന്ന് മതിയായ സംരക്ഷണം ലഭിക്കാതെ തകർന്നുതുടങ്ങിയിട്ടുണ്ട്. കന്യാകുമാരി ദേവസ്വത്തിന് കീഴിലാണ് ഈ ക്ഷേത്രം. ശ്രീരാമന്റെ ശിലാവിഗ്രഹത്തിന് ഇടതും വലതുമായി ലക്ഷ്‌മണന്റെയും സീതാദേവിയുടെയും പഞ്ചലോഹ പ്രതിഷ്‌ഠയുണ്ട്. മൂവരുടെയും മുന്നിൽ ഇരിക്കുന്നതായുള്ള ഹനുമാന്റെ വിഗ്രഹവും പഞ്ചലോഹ നിർമ്മിതം തന്നെ.