തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
പൗരാവകാശം നിലനിര്‍ത്തുന്നതിന് രാജ്യത്ത് രണ്ടാം ജനാധിപത്യ മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും സുധീരന്‍ പറഞ്ഞു.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരും ബിജെപിയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്തു.ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് സ്‌പെഷ്യല്‍ ഇന്‍ന്റെസീവ് റിവിഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണ്.ബീഹാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയ 65 ലക്ഷം പേരെ എന്തിന് നീക്കിയെന്ന കാരണം ബോധ്യപ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. ഇത്രയും പേരുടെ മൗലിക വോട്ടവകാശം നിഷേധിക്കാന്‍ പക്ഷപാതപരമായി പെരുമാറിയ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള താക്കീത് കൂടിയാണ് സുപ്രീംകോടതിവിധിയെന്നും വി.എം.സുധീരന്‍ പറഞ്ഞു.
മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, കെപിസിസി ഭാരവാഹികളായ ജിഎസ് ബാബു,ജി.സുബേധന്‍,മരിയാപുരം ശ്രീകുമാര്‍, വിഎസ് ശിവകുമാര്‍, ഡിസിസി ആക്ടിംഗ് പ്രസിഡന്റ് എന്‍.ശക്തന്‍, സേവാദള്‍ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, മണക്കാട് സുരേഷ്, കെ.മോഹന്‍കുമാര്‍,നെയ്യാറ്റിന്‍കര സനല്‍,എംഎ വാഹിദ്,കെഎസ് ശബരിനാഥന്‍, എന്‍എസ് നുസൂര്‍,ട്രാന്‍സ്‌ജെന്റേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് അമയ പ്രസാദ്,കൊറ്റാമം വിമല്‍കുമാര്‍, ഡോ. ആരിഫ,ജലീല്‍ മുഹമ്മദ്,എസ്എം ബാലു,ഷിഹാബുദ്ദീന്‍ കാര്യത്ത്, ശങ്കരപിള്ള കുമ്പളത്ത്,ആര്‍.ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.