അച്ഛനോടും അമ്മയോടും വേർപിരിയാൻ പറഞ്ഞത് താനാണെന്ന് തുറന്നുപറഞ്ഞ് നടി മഞ്ജു പിളളയുടെ മകൾ ദയാ സുജിത്ത്. സമൂഹം എന്ത് പറയുമെന്ന് ചിന്തിച്ചാൽ ജീവിക്കാനാകില്ലെന്നും ദയ പറഞ്ഞു. മഞ്ജു പിളളയുമായുളള ഒരു അഭിമുഖത്തിനിടയിലാണ് ദയ ഇക്കാര്യങ്ങൾ പങ്കുവച്ചത്. തനിക്ക് സിനിമയിലാണ് ഭാവിയെന്ന് പറഞ്ഞ് അച്ഛനാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷമാണ് മഞ്ജു പിളളയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞത്. അതിനുശേഷവും ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണെന്ന് മഞ്ജു പിളള തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടയിലാണ് അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനെക്കുറിച്ച് ദയ പറഞ്ഞിരിക്കുന്നത്.
'ഞാനും അമ്മയും എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. എന്റെ മനസിലുളളത് നന്നായി മനസിലാക്കാൻ അമ്മയ്ക്ക് സാധിക്കും. പണ്ട് അമ്മ എന്നെ അടിച്ചാണ് വളർത്തിയത്. ഇപ്പോൾ അങ്ങനെയല്ല. അച്ഛനും അമ്മയും സെലിബ്രിറ്റികളാണെന്ന് എനിക്ക് പണ്ട് അറിയില്ലായിരുന്നു. വിവാഹത്തെക്കുറിച്ച് വലിയ സങ്കൽപ്പങ്ങൾ ഉണ്ട്. പരസ്പരം മനസിലാക്കുന്ന ആളുകൾ തമ്മിലാണ് വിവാഹം കഴിക്കേണ്ടത്. അല്ലാതെ വിവാഹത്തിന് ഒരു അർത്ഥമില്ല.
ഞാൻ ഇറ്റലിയിലാണ് പഠിക്കുന്നത്. അവിടെ ആദ്യമായി പോയപ്പോൾ അമ്മയെ കാണാത്തതുകൊണ്ട് സന്തോഷമില്ലായിരുന്നു. പിന്നീട് അവിടത്തെ ജീവിതം മാറി. ഒരു പനി വരുമ്പോഴാണ് അമ്മയെ കൂടുതലും മിസ് ചെയ്യുന്നത്. അങ്ങനെയാകുമ്പോൾ അമ്മ എന്നെ കാണാൻ വരാറുണ്ട്. അച്ഛനുമായി സിനിമയെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് സിനിമയിൽ ഭാവിയുണ്ടെന്ന് അച്ഛനാണ് പറഞ്ഞത്. ഞാൻ ചെറുപ്പത്തിലേ അമ്മൂമ്മയോടൊപ്പമാണ് ജീവിച്ചത്. ഞാൻ എന്തുപറഞ്ഞാലും അവർ ചെയ്ത് തരുമായിരുന്നു.
വേർപിരിയുന്നതിനെക്കുറിച്ച് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നു. മറ്റുളളവരേക്കാളും രണ്ടുപേരെയും പിന്തുണച്ചത് ഞാനായിരുന്നു. ഭാര്യയും ഭർത്താവുമായി തുടരുന്നതിൽ അവർക്ക് സന്തോഷമില്ല. പിന്നെ എന്തിനാണ് തുടരുന്നത്. ഞാനാണ് അവരോട് വേർപിരിയാൻ പറഞ്ഞത്. അവരെ നിർബന്ധിച്ച് ഒരു ബന്ധത്തിൽ പിടിച്ചുനിർത്തേണ്ട ആവശ്യമില്ല. ആളുകൾ പറയുന്നത് ഞാൻ നോക്കാറില്ല. അവർ വേർപിരിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്'- ദയ പറഞ്ഞു.