ബംഗളൂരു: വിനോദയാത്രക്കിടെ പുലിയുടെ ആക്രമണത്തിൽ 12കാരന് മുറിവേറ്റു. ബെന്നാർഘട്ട നാഷണൽ പാർക്കിലെ സഫാരിക്കിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ജീപ്പിലേയ്ക്ക് ചാടിക്കയറിയ പുലി സൈഡ് സീറ്റിലിരിക്കുകയായിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് മുറിവേറ്റത്. കുട്ടിയുടെ കയ്യിൽ പുലി മാന്തിയാണ് മുറിവുണ്ടായത്. പരിക്ക് സാരമാണെന്നാണ് റിപ്പോർട്ട്. പുലിയുടെ ആക്രമണത്തിന് പിന്നാലെ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നാഷണൽ പാർക്കിൽ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് വേഗത കുറയ്ക്കാറുണ്ട്. ഈ സമയം കാട്ടിൽ നിന്ന് റോഡിലേയ്ക്ക് കയറിയ പുലി ജീപ്പിലേയ്ക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിൻഡോയിൽ സാധാരണയായി നെറ്റ് സ്ഥാപിക്കാറുണ്ട്. എന്നാലിത് ഇളകിയ നിലയിലായിരുന്നു. ഇതിലൂടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്.
പിന്നാലെ ഉടൻ തന്നെ ജീപ്പ് മുന്നിലേയ്ക്ക് എടുത്തു. ഈ സമയം പുലിയും പിന്നാലെ ഓടി. സാധാരണ നിലയിൽ പുലി സഫാരി വാഹനങ്ങൾക്ക് മുകളിൽ വരെ കയറാറുണ്ട്. എന്നാൽ സുരക്ഷാനെറ്റ് ഇളകിയതാണ് അപകടത്തിന് കാരണമായത്. പുലി ആക്രമിച്ച വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ആളുകൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.
വൈൽഡ്ലൈഫ് സഫാരിക്കായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഇടമാണ് ബെന്നാർഘട്ട നാഷണൽ പാർക്ക്. കർണാടക വനംവകുപ്പാണ് സഫാരി നിയന്ത്രിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രേ നിർദേശം നൽകി.