kannerkulam

സുൽത്താൻ ബത്തേരി : പൊൻകുഴി ശ്രീരാമ സീതാദേവി ക്ഷേത്ര പരിസരത്തുള്ള കണ്ണീർകുളത്തിൽ അവശേഷിച്ച മര മുത്തശിയും നിലം പതിച്ചു. കഴിഞ്ഞ ദിവസമാണ് കുളത്തോട് ചേർന്ന് നിന്ന വൻ ഞാവൽ മരം കുളത്തിലേയ്ക്ക് കടപുഴകി വീണത്. കുളത്തിന് ചുറ്റും നിരവധി വൻ മരങ്ങൾ നിന്നിരുന്നെങ്കിലും അവയെല്ലാം നേരത്തെതന്നെ കണ്ണീർകുളത്തിൽ വിലയം പ്രാപിച്ചിരുന്നു. അവശേഷിച്ചിരുന്ന മരമാണ് ഇപ്പോൾ നിലംപതിച്ചത്.

ശ്രീരാമനാൽ പരിത്യജിക്കപ്പെട്ട സീത വിരഹദുഃഖത്താൽ വന്നിരുന്ന് കരയുകയും ഇവിടം പിന്നീട് കണ്ണീർകുളമാകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പതിറ്റാണ്ടുകൾ പഴക്കമുള്ളതായിരുന്നു കുളത്തിനോട് ചേർന്ന് നിന്നിരുന്ന ഞാവൽ മരം. കുളത്തിലെ ജീവജാലങ്ങൾക്ക് ഇതിന്റെ പഴങ്ങൾ യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്നു. ഞാവൽ പഴുക്കുന്നതോടെ ഇതിന്റെ പഴങ്ങളെല്ലാം പൊഴിഞ്ഞ് വീഴുന്നത് കുളത്തിലേക്കാണ്. കുളത്തിലേയ്ക്ക് ചരിഞ്ഞാണ് ഞാവൽമരത്തിന്റെ ചുവട് നിലകൊണ്ടിരുന്നത്.

രൂക്ഷമായ വരൾച്ചയിൽ നാട് മുവുവൻ വറ്റി വരളുമ്പോഴും പൊൻകുഴിയിലെ സീതാദേവിയുടെ ഈ കണ്ണീർകുളം വറ്റാറില്ല. സീതയുടെ കണ്ണീർ വീണുണ്ടായ കുളമാണെന്ന ഐതിഹ്യമുള്ളതിനാൽ ഈ കുളം സംരക്ഷിച്ചുപോരുകയാണ്. ആദ്യകാലങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർ സീതയുടെ കണ്ണീർ കുളത്തിൽ എത്തി ജലം കൈകുമ്പിളിൽ കോരിയെടുത്ത് ദേഹത്ത് തളിച്ച് ശുദ്ധി വരുത്താറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവിടെയ്ക്കുള്ള പ്രവേശനം കർശനമായി വനം വകുപ്പ് വിലക്കിയതോടെ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് കുളം നോക്കി വന്ദിച്ച് പോവുകയാണ് ചെയ്തുവരുന്നത്.