ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നിന്ന് മുംബയിലേക്ക് പറന്ന വിമാനം അടിയന്തരമായി ഇന്നലെ തിരിച്ചിറക്കി. 48 യാത്രക്കാരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിന്റെ വിമാനം (എസ് 5111) ആണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. എൻജിനിലുണ്ടായ ഇന്ധനച്ചോർച്ചയിലാണ് സാങ്കേതിക തകരാറുണ്ടായത്. പറന്നുയർന്ന് 15 മിനിറ്റിനകം സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. വളരെ ശ്രമകരമായാണ് പൈലറ്റ് വിമാനം താഴെയിറക്കിയതെന്നാണ് വിവരം. ബംഗളൂരു വഴിയുള്ള കണക്ഷൻ ഫ്‌ളൈറ്റായിരുന്നു ഇത്. ഉച്ചയ്ക്ക് 2.30ഓടെ മറ്റൊരു വിമാനം ഏർപ്പെടുത്തി, യാത്രക്കാരെ മുംബയിലേക്ക് അയച്ചു. വിമാനങ്ങൾക്ക് അടിക്കടിയുണ്ടാകുന്ന സാങ്കേതി തകരാറുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.