face

സൗന്ദര്യം വർദ്ധിപ്പിക്കാൻ പല വഴികളും അന്വേഷിക്കുന്നവരാണ് പലരും. ഇതിനായി പലതരം പരീക്ഷണങ്ങൾ നടത്തുകയും അപകടങ്ങളിൽ പോയി പെടുന്നവരുമേറെയാണ്. സൗന്ദര്യ വർദ്ധനവിനായി വില കൂടിയ വിവിധതരം ക്രീമുകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇവയിലെ കെമിക്കൽ ആരോഗ്യത്തിന് തന്നെ ദോഷമാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇവ പ്രയോഗിച്ച് വൃക്കസംബന്ധമായ രോഗങ്ങൾ വന്നവരും കൂടുതലാണ്.

ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റാണ് ഗ്ലൂട്ടാത്തിയോൺ. മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ ഇന്ന് നിരവധിപേർ ഗ്ലൂട്ടാത്തിയോൺ ട്രീറ്റ്‌മെന്റ് ചെയ്യാറുണ്ട്. മരുന്ന് കുത്തിവച്ചും ഗുളിക കഴിച്ചുമാണ് ഇത്തരം ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നത്. എന്നാൽ വീട്ടിൽ നിന്ന് തന്നെ ഒരു പാർശ്വഫലങ്ങളുമില്ലാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിലെ ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കാം. അതിന് കഴിയുന്ന ഒരു പാനീയം പരിചയപ്പെട്ടാലോ?

ഇതിനായി വേണ്ടത് രണ്ടു ചേരുവകൾ മാത്രമാണ്. നെല്ലിക്കയും തേനും. നെല്ലിക്ക ആരോഗ്യം, സൗന്ദര്യം, മുടി എന്നിവയെ ഒരുപോലെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. തേൻ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ മിതമായി ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. ചർമ്മത്തിന് ചെറുപ്പം നൽകുന്ന മികച്ച ക്ലെൻസിർ കൂടിയാണിത്.

പാനീയം തയ്യാറാക്കുന്ന വിധം

ഈ പാനീയമുണ്ടാക്കാൻ ഒന്നോ രണ്ടോ നെല്ലിക്കയുടെ നീരെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുക. ഒരു ടീസ്പൂൺ തേൻ കൂടി ഇതിലേയ്ക്ക് ചേർത്തിളക്കി രാവിലെ വെറും വയറ്റിൽ കുടിയ്ക്കുക. വെറും വയറ്റിൽ കുടിക്കാൻ പറ്റാത്തവർക്ക് പ്രാതലിനൊപ്പം കുടിയ്ക്കാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് മൂന്നു ദിവസമെങ്കിലും ഇങ്ങനെ കുടിയ്ക്കാം. അടുപ്പിച്ച് ചെയ്താൽ ഇത് ഗുണം നൽകും. ചർമ്മത്തിന് മാത്രമല്ല ആരോഗ്യത്തിനും ചെറുപ്പവും ഉന്മേഷവും ലഭിക്കുന്നു.