തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെ തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല ചാർത്താനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞില്ലെങ്കിൽ വിഷയം സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ പോയി ചോദിച്ചോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിങ്ങപ്പുലരിയിൽ ശക്തന്റെ പ്രതിമയിൽ മാല ചാർത്തിയതിലെ ലക്ഷ്യത്തെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിനോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് വാങ്ങിയ മാലയാണ് അദ്ദേഹം ശക്തന്റെ പ്രതിമയിൽ ചാർത്തിയത്. ഹൃദയം പറഞ്ഞു ചെയ്തു. 'തൃശൂരിന്റെ ഏറ്റവും ശക്തനായ ജനനായകനായിരുന്നു ശക്തൻ. ആ ശക്തി തൃശൂരിന് ലഭിക്കണം. അതിനുവേണ്ടിയാണ് ഇത് ചെയ്തത്. വിവാദങ്ങൾക്കെല്ലാം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. ഞാൻ മറുപടി പറയേണ്ട ആവശ്യമില്ല. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാൻ മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ട്. അവർ മറുപടി പറഞ്ഞില്ലെങ്കിൽ, വിഷയം സുപ്രീംകോടതിയിലെത്തുമ്പോൾ നിങ്ങൾ അവിടെ പോയി ചോദിച്ചാൽ മതി. കുറേ ആരോപണങ്ങളുമായി കുറച്ച് വാനരൻമാർ ഇറങ്ങിയിട്ടുണ്ടല്ലോ? അവരോട് അങ്ങോട്ട് പോകാൻ പറയൂ. അവിടെ പോയി ചോദിക്കൂ'- സുരേഷ് ഗോപി പറഞ്ഞു.
ഈ വർഷത്തെ ഓണാഘോഷം ശക്തനിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതേസമയം, സുരേഷ് ഗോപിയെ വേട്ടയാടുന്നത് ചെറുക്കാൻ ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. പൊതു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി. തൃശൂരിലെ ജനങ്ങളെ വിഡ്‌ഢികളായി ചിത്രീകരിക്കാനാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.