പതിറ്റാണ്ടുകളോളം ജീവിച്ച ശേഷം വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി തയ്യിൽ അബ്ദുൾ ഗഫൂർ എന്ന അറുപത്തിനാലുകാരൻ യു എ ഇയിലാണ് താമസിക്കുന്നത്.
സ്വന്തം നാട്ടിലുള്ള നിരവധി പേർക്ക് ഗൾഫിൽ ജോലി നേടാൻ അബ്ദുൾ ഗഫൂർ സഹായിച്ചിട്ടുണ്ട്. ഈ സഹായങ്ങൾ മൂലം പ്രവാസി മലയാളികൾക്ക് അദ്ദേഹത്തോട് പ്രത്യേക ബഹുമാനമുണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെപ്പോലെ ഗഫൂർക്ക എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ സിനിമയിലെപ്പോലെ തട്ടിപ്പുകാരനല്ല, മറിച്ച് ഒരുപാട് പേർക്ക് ജീവിതം നൽകിയതോടെയാണ് അദ്ദേഹം പലർക്കും ഗഫൂർക്കയായത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഗഫൂറിന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. മലപ്പുറം ജില്ലയിലെ മരുതിഞ്ചിറ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയത്. വെറുതെ വന്നതല്ല, വാടകയ്‌ക്കെടുത്ത സർക്കാർ കെഎസ്ആർടിസി ബസിലാണ് നാട്ടുകാരെത്തിയത്. ഗഫൂറിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ മുദ്രാവാക്യം വിളിച്ചു.
'എയർപോർട്ടിൽ ഇങ്ങനെയൊരു സ്വീകരണം ആദ്യമായിട്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'ഗഫൂർക്കാ കീ ജയ്, ഗഫൂർക്കാ കീ ജയ്... ഞങ്ങളുടെ നാടിന്റെ മണിമുത്ത് ഇതാ നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ. വേറെ ആർക്കും അവകാശപ്പെടാനില്ലാത്ത രീതിയിലുള്ള സ്വീകരണമാണ്. കെ എസ് ആർ ടി സി ബസിൽ ഒരു നാട് മുഴുവനാണ് വന്നിരിക്കുന്നത്.'- എന്നാണ് വിമാനത്താവളത്തിലെത്തിയ നാട്ടുകാർ വിളിച്ചു പറഞ്ഞത്.