robot

നൂനത സാങ്കേതിക വിദ്യങ്ങളുടെ വികസനം വലിയരീതിയിൽ മനുഷ്യന്റെ ജീവിതെ തന്നെ മാറ്റിമറിക്കുന്നുണ്ട്. ഇപ്പോഴിതാ മനുഷ്യരെ പോലെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ശേഷിയുള്ള ലോകത്തെ ആദ്യത്തെ റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചെെനയിലെ ശാസ്ത്രജ്ഞർ. ദി ടെലിഗ്രാഫാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഗർഭധാരണം മുതൽ പ്രസവം വരെയുള്ള മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കാൻ ഈ റോബോട്ടിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. എന്നാൽ ഇതിലെ ബീജസങ്കലനം എങ്ങനെയാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടില്ല.

സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്കിന്റെ നേതൃത്വത്തിലുള്ള കെെവ ടെക്നോളജിയിലാണ് ഈ റോബോട്ടിനെ വികസിപ്പിക്കുന്നത്. പരീക്ഷണം വിജയകരമാണെങ്കിൽ വന്ധ്യതയ്ക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കാത്ത വ്യക്തികൾക്കും ഇത് ഉപയോഗം ആകുമെന്നാണ് വാദം. കൃത്രിമ ഗർഭപാത്രവുമായി വരുന്ന ഈ റോബോട്ടിന് ഒരു ഹോസ് വഴി പോഷകങ്ങൾ ലഭിക്കും. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു ഇൻകുബോറ്ററുകൾ പോലെയല്ല,​ മറിച്ച് ബീജസങ്കലനം മുതൽ പ്രസവം വരെയുള്ള മുഴുവൻ ഘട്ടങ്ങളും പുനരാവിഷ്കരിക്കാൻ ഇതിന് സാധിക്കുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ റോബോട്ടിനെ അടുത്ത വർഷം പുറത്തിറക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏകദേശം 100,000 യുവാനാണ് ($14,000 USD) ഇതിന് ചെലവായി പ്രതീക്ഷീക്കുന്നത്. ഈ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയാകുന്നുണ്ട്. നിരവധിപേരാണ് ഇതിനെതിരെ വിമർശനം ഉയർത്തുന്നത്. ഒരു കുഞ്ഞിനെ മാതൃബന്ധത്തിൽ നിന്ന് അകറ്റുന്നതാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും കൃത്രിമ ഗർഭപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശാസ്ത്രജ്ഞർ പുറത്തുവിട്ടിട്ടില്ല.