മലപ്പുറം: കുറ്റിപ്പുറത്ത് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് സൂചന.
ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് ആദ്യം ഒരു കാറിലിടിച്ചു. പിന്നാലെ മുന്നിലുണ്ടായിരുന്ന ഒരു ബസിലും മറ്റൊരു കാറിലുമിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. നിർമാണ പ്രവൃത്തികൾ നടക്കുന്ന റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് സ്ഥിരമായി അപകടമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.