ഭുവനേശ്വർ: റെയിൽവേ സ്റ്റേഷന് സമീപമുള്ള മരത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ നുവാപാഡയിലാണ് സംഭവം. മൃതദേഹം കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്ക് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി വീഡിയോ സന്ദേശം അയച്ചു കൊടുത്തതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെത്തുടർന്നാണ് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുന്നതെന്ന് യുവതി വീഡിയോയിൽ പറഞ്ഞിരുന്നത്. ആത്മഹത്യ പ്രേരണ കുറ്റത്തിന് ഉദ്യോഗസ്ഥയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഫലം പുറത്ത് വന്ന ശേഷം മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും വീഡിയോ സന്ദേശത്തിന്റെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് ആത്മഹത്യയെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന രാജ്യമെന്ന പ്രത്യേകതയും ഇന്ത്യയ്ക്കുണ്ട്. ഏപ്രിലിൽ പുറത്തിറങ്ങിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ഇന്ത്യയിൽ 1.71 ലക്ഷം പേരാണ് ആത്മഹത്യയിലൂടെ മരിച്ചത്.