akhil

പത്തനംതിട്ട: ആടിനെ വിൽക്കാനുണ്ടെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ട് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഖിൽ അശോകനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ യുവാവ് ആട് വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടിരുന്നു. അതിൽ തന്റെ നമ്പറും പ്രതി ഉൾപ്പെടുത്തിയിരുന്നു.

ഇത് കണ്ട ഒരു യുവതി ആടിനായി അശോകനെ ബന്ധപ്പെടുകയായിരുന്നു. ഇത് ഇരുവരും തമ്മിൽ സൗഹൃദത്തിലാകാൻ കാരണമായി, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അഖിൽ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഭർത്താവ് മരിച്ച യുവതി കുട്ടികളുമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭനിരോധന ഗുളികകൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാലിത് വിജയിച്ചില്ല. ഇതോടെ അഖിൽ കടന്നുകളയുകയായിരുന്നു. തുടർന്നാണ് യുവതി അടൂർ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവിലായ അഖിലിനെ പൊലീസ് പിടികൂടിയത്.