അഭിപ്രായങ്ങളും നിലപാടുകളും ഇടയ്ക്കിടെ മാറ്റുന്നയാളാണ് മേജർ രവിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അടുത്തിടെ വിവിധ വിഷയങ്ങളിൽ മേജർ രവിയെടുത്ത നിലപാടുകളെ ചൂണ്ടിക്കാട്ടിയാണ് ശാന്തിവിള ദിനേശ് ഇക്കാര്യം വ്യക്തമാക്കിയത്. നടൻ ഉണ്ണി മുകുന്ദനും മേജർ രവിയും തമ്മിലുണ്ടായ ഒരു പ്രശ്നത്തെക്കുറിച്ചും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞു.
ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്
'കുരയ്ക്കുകയും ഒപ്പം വാലാട്ടുകയും ചെയ്യുന്ന സ്വഭാവം. അത് ആർക്കായാലും വ്യക്തിത്വമുള്ള ഒരു കാര്യമല്ലെന്ന് ഞാൻ പറയും. എന്നാൽ ചിലർ അങ്ങനെയല്ല. കുരയ്ക്കും ഒപ്പം വാലാട്ടുകയും ചെയ്യും. ഒരു ഉളുപ്പും അവർക്ക് ഉണ്ടാകുകയില്ല. അങ്ങനെയുള്ള ഒരാളുടെ ഉദാഹരണം പറയാൻ പറഞ്ഞാൽ എന്റെ മനസിൽ ഓടിയെത്തുന്ന രൂപം മേജർ രവിയുടേതാണ്. അദ്ദേഹവുമായി നല്ല ബന്ധമാണ് ഞാൻ. എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ക്യാരക്ടർ കുരയ്ക്കുകയും വാലാട്ടുകയും ഒരുമിച്ച് ചെയ്യുന്നത് പോലെയാണ്. അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല. മോശമല്ലാത്ത രീതിയിൽ ചെറിയ ചെറിയ കള്ളങ്ങളും പറയും.
ഉദാഹരണത്തിന് നമ്മുടെ സൂപ്പർ താരം ഉണ്ണി മുകുന്ദനെ മേജർ തെറിവിളിച്ച കഥ ഞാൻ ഇതിൽ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഉണ്ണി മുകുന്ദന്റെ അമ്മയെ ചേർത്താണ് ചീത്ത വിളിച്ചതെന്നാണ് പറയുന്നത്. ക്ഷമ കെട്ടതോടെ അയാൾ മേജറെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എടുത്തെറിഞ്ഞെന്നാണ് വിവരം. ജോഷി സാറിന്റെ സെറ്റിൽ വച്ചായിരുന്നു ഇത് നടന്നത്. എന്നാൽ ജോഷി സർ ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. മേജർക്ക് പറ്റിയ അബദ്ധം എന്താണെന്നാൽ, ഉണ്ണി മുകുന്ദന് ഹിന്ദി നന്നായി അറിയാമെന്നത് മേജർക്ക് അറിയില്ലായിരുന്നു. പട്ടാളത്തിലൊക്കെ പോയത് കൊണ്ട് ഹിന്ദിയിൽ തെറിവച്ച് കാച്ചി.
ഗുജറാത്തിൽ ജനിച്ച് അവിടെ വളർന്നയാളാണല്ലോ ഉണ്ണി. അസഹ്യമായ തെറി വിളിച്ചപ്പോഴും സമ്യപനത്തോടെ ഇനി എന്നെ തെറിവിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്നാൽ മേജർ നിർത്തിയില്ല. മോശമല്ലാതെ ഇടി വാങ്ങി. ഇത് പരമമായ സത്യമാണ്. ഇടി വാങ്ങിക്കൂട്ടിയ മേജർ ഫെഫ്ക ഡയറക്ടർ യൂണിയനിൽ വിശദമായ പരാതി നൽകിയിരുന്നു. അന്ന് ഞാൻ ഡയറക്ടേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവിലുണ്ട്. വായിച്ചപ്പോൾ എനിക്ക് സത്യത്തിൽ നാണം തോന്നി. മേജർക്ക് വല്ല കാര്യമുണ്ടോ കൊച്ചുപിള്ളേരിൽ നിന്ന് അടിമേടിക്കാൻ. പ്രശ്നം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞൊതുക്കി. ഉണ്ണി മുകുന്ദനും മേജറും പിന്നെ ചക്കയും ഈച്ചയുമായി. ഇപ്പോൾ രണ്ട് പേരും ഒരേ പാർട്ടിയിലാണല്ലോ. അടുത്തിടെ ഉണ്ണി മുകുന്ദനും മാനേജരുമായി ഒരു കശപിശ ഉണ്ടായല്ലോ. അന്ന് മേജർ വീണ്ടും മറുകണ്ടം ചാടി. മാനേജരുടെ പക്ഷം പിടിച്ച് സംസാരിച്ചു'- ശാന്തിവിള പറഞ്ഞു.