rajinikanth

തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് അടുത്തിടെയാണ് തന്റെ സിനിമ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയത്. 1974ൽ ചിത്രീകരിച്ച അപൂർവരാഗങ്ങളിൽ തുടങ്ങി അത് കൂലിയിൽ എത്തി നിൽക്കുകയാണ്. എപ്പോഴും തന്റെ ആരോഗ്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന നടനാണ് രജനികാന്ത്. ഇപ്പോഴിതാ 74കാരനായ രജനിയുടെ വ്യായാമ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്റെ പരിശീലകനൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ ചെറിയ ഒരു ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടൻ. ഡംബൽ ഉപയോഗിച്ചുള്ള വർക്ക്ഔട്ട് വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. നിരവധി കമന്റും വരുന്നുണ്ട്.

'ഓഫ് സ്ക്രീനിൽ ഒരു മേക്കപ്പും ഇല്ലാതെ ഇതാണ് ഞാൻ എന്റെ യഥാർത്ഥ രൂപം. എന്ന് ഒരു മടിയും കൂടാതെ കാണിക്കുന്ന ഒരു നല്ല മനുഷ്യൻ', 'തലൈവർ ആരോഗ്യത്തോടെ വാഴുക ', 'തലൈവർ...', ' തലെെവർ വേറെ ലെവൽ', 'നിങ്ങളുടെ ആരാധകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു', 'നിങ്ങൾ എപ്പോഴും മാസാണ്','74 വയസിലും ഫിറ്റാണ് അദ്ദേഹം' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.

കൂലിയാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 300 കോടി ചിത്രം കടന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. തമിഴിൽ ഈ വർഷം 300 കടക്കുന്ന ആദ്യചിത്രമെന്ന നേട്ടവും കൂലി സ്വന്തമാക്കിയിട്ടുണ്ട്. ആദ്യദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. സൺ പിക്‌ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. ലോകമെമ്പാടുമുള്ള കണക്ക് പരിശോധിച്ചാൽ മൂന്നാം ദിനം കഴിയുമ്പോൾ കൂലി 320 കോടിയാണ് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ 300 കോടി കളക്ഷൻ നേടുന്ന ചിത്രമായി ഇത് മാറി. ലോകേഷിന്റെ തന്നെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ലിയോയുടെ റെക്കോർഡാണ് ഇതിലൂടെ മറികടന്നത്.