gambhir

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ വക്കിലാണ്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനെ കൊണ്ട് വരാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായ ശേഷം, ട്വന്റി 20 ഫോർമാറ്റിലേക്കാണ് അടുത്തതായി ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാര്യമായ പരിഷ്കാരങ്ങളാണ് മാനേജ്മെന്റ് ആസൂത്രണം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ക്രിക്കറ്റിന്റെ മാറിക്കൊണ്ടിരിക്കുന്ന ഗതിയുമായി ടീം പൊരുത്തപ്പെടുന്നില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് പരിശീലകന്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ ഫോർമാറ്റുകളിലും ഒരൊറ്റ ക്യാപ്റ്റനെ നിയമിക്കുക, ട്വന്റി 20യിൽ പ്രത്യേക കഴിവുകളുള്ള താരങ്ങളെ കണ്ടെത്തി ഉൾപ്പെടുത്തുന്നതടക്കമുള്ള തന്ത്രപരമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

സ്ഥിരം ഫിനിഷർ റോളുകളിൽ നിന്ന് താരങ്ങളെ മാറ്റി നിർത്തി അവരുടെ കഴിവുകൾ മുൻനിർത്തി വിവിധ റോളുകള്‍ നിശ്ചയിക്കും. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഓപ്പണർമാർ ശക്തമായ അടിത്തറ പാകിയാൽ ശിവം ദുബെയെ പോലുള്ള താരങ്ങളെ ഫിനിഷർ റോളുകളിൽ നിന്ന് മാറ്റി മുൻനിര ബാറ്റിംഗ് ഓർഡറിലേക്ക് കൊണ്ട് വരാനും പദ്ധതിയുണ്ട്. അടുത്തമാസം നടക്കുന്ന ഏഷ്യാക്കപ്പിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കാൻ സാദ്ധ്യത. ഗില്ലിന്റെ ടീമിലെ സാദ്ധ്യതകളെക്കുറിച്ചും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും നൽകുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഗില്ലിനെ ടീമിലെടുത്താൽ മാറിയേക്കും.