congress-

ന്യൂഡൽഹി : വോട്ടുകൊള്ളയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മയും പക്ഷപാതവും പൂർണമായി തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ഒരു വിവേചനവും കാണിക്കുന്നില്ലെന്ന കമ്മിഷന്റെ അവകാശ വാദങ്ങൾ പരിഹാസ്യമാണെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഉന്നയിച്ച ഒരു ആരോപണങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അർത്ഥവത്തായ മറുപടി നൽകിയില്ലെന്നും ജയ്റാം രമേശ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങളിൽ സത്യവാങ്മൂലം നൽകുകയോ ഇല്ലെങ്കിൽ മാപ്പു പറയുകയോ ചെയ്യണമെന്ന് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു ഏഴു ദിവസത്തിനകം തെളിവുകൾ ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോട് മാപ്പു പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ഏഴു ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണക്കാക്കുമെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ കമ്മിഷന് ഞാൻ മാത്രം സത്യവാങ്മൂലം നൽകുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കുറച്ചു ദിവസം മുമ്പ് ബി.ജെ.പി നേതാക്കൾ ഒരു പത്രസമ്മേളനം നടത്തിയതിന് അവരിൽ നിന്ന് ഒരു സത്യവാങ്മൂലവും ആവശ്യപ്പെട്ടില്ല. നിങ്ങളുടെ ഡാറ്റ ശരിയാണെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മിഷൻ പറയുന്നു. എന്നാൽ ഈ ഡ‌ാറ്റ കമ്മിഷന്റേതാണ്. എന്തിനാണ് എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നതെന്നും രാഹുൽ ചോദിച്ചു.