coconut-oil

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വ്യാജ വെളിച്ചെണ്ണയുടെ വരവ് സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പ് വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ്. കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ എത്തുന്നത് എവിടെ നിന്നാണ്. പ്രധാനമായും അതിര്‍ത്തി ജില്ലകളിലേക്ക് സാധനം എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെ വ്യാജ എണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകള്‍ പോലും അയല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തെക്കന്‍ കേരളത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലുമാണ്. വെളിച്ചെണ്ണ വില വന്‍ തോതില്‍ കൂടിയിട്ടും നിരവധി ഹോട്ടല്‍ ഉടമകള്‍ പിടിച്ച് നില്‍ക്കുന്നത് ഈ വ്യാജന്റെ സഹായത്തോടെയാണ്. കന്യാകുമാരി, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് മില്ലുകളില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മിക്കുന്ന മില്ലുകള്‍ വരെയുള്ളത്. ഒറിജിനല്‍ വെളിച്ചെണ്ണ പേരിന് മാത്രം ഉപയോഗിച്ചതിന് ശേഷം മറ്റ് വസ്തുക്കള്‍ ചേര്‍ത്താണ് വില്‍പ്പന.

ആരോഗ്യത്തിന് പോലും വലിയ കേടുണ്ടാക്കുന്ന ഇത്തരം വ്യാജ എണ്ണ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുകയും വന്നിറങ്ങുകയും ചെയ്യുന്ന കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ക്വാളിറ്റിയിലാണ് വ്യാജ വെളിച്ചെണ്ണ വരുന്നത്. 420 രൂപ, 350 രൂപ, 270 രൂപ എന്നിങ്ങനെ ക്വാളിറ്റി അനുസരിച്ച് എണ്ണവില വ്യത്യാസപ്പെട്ടിരിക്കും. അതേസമയം വളരെ കുറച്ച് അളവില്‍ ഇവിടങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ കഴിയില്ല. കുറഞ്ഞത് ആയിരം ലിറ്ററിന് അടുത്തെങ്കിലും ഒറ്റത്തവണത്തെ വരവില്‍ വാങ്ങിയിരിക്കണം.

പിടിക്കപ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ടിപ്‌സ്

വ്യാജ വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്ന ഭക്ഷണം രുചിക്കുമ്പോള്‍ അത് പിടിക്കപ്പെടാതിരിക്കാനും പ്രത്യേക മാര്‍ഗം ഇക്കൂട്ടര്‍ സാധനം വാങ്ങുന്നവര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ചിക്കന്‍, ബീഫ് പോലുള്ള മസാല ചേര്‍ന്ന് വരുന്ന വിഭവങ്ങളില്‍ മാത്രമേ ഇത്തരം വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ പാടുള്ളൂ. മസാലയുടെ രുചി കൂടി കലര്‍ന്ന് വരുമ്പോള്‍ എളുപ്പത്തില്‍ കഴിക്കുന്നവര്‍ക്ക് സംശയം തോന്നില്ല. എന്നാല്‍ പലഹാരങ്ങള്‍ ഉണ്ടാക്കാനും വെജിറ്റബിള്‍ കറികള്‍ ഉണ്ടാക്കാനും ഇത്തരം എണ്ണ ഉപയോഗിച്ചാല്‍ അത് പിടിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണത്രെ.