തിരുവനന്തപുരം : കെ.ടി.യു. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ദ്ധരുടെ പട്ടിക സംസ്ഥാന സർക്കാരിന് ഗവർണർ കൈമാറി. നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് രാജ്ഭവൻ കൈമാറിയത്. പട്ടിക പരസ്പരം കൈമാറാൻ സർക്കാരിനോടും ഗവർണറോടും സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം സർക്കാർ ഇതുവരെ പട്ടിക ഗവർണർക്ക് കൈമാറിയിട്ടില്ല. നാളെയാണ് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി സുപ്രീംകോടതിയാണ് രൂപീകരിക്കുന്നത്. സർക്കാരും ഗവർണറും ശുപാർശ ചെയ്യുന്നവരെ ഉൾപ്പെടുത്തി ഓരോ സർവകലാശാലയിലേക്കും അഞ്ചംഗ സമിതിയെ കോടതി നിയോഗിക്കും. ഇതിനായി നാലുപേരെ വീതം ചാൻസലറായ ഗവർണറും സംസ്ഥാന സർക്കാരും ശുപാർശചെയ്യാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇരുവരുടെയും ലിസ്റ്റിൽ നിന്ന് രണ്ടുപേരെ വീതം കോടതി ഓരോ സമിതിയിലേക്കും നിശ്ചയിക്കും. ഓരോ പ്രതിനിധിയെ വീതം യു.ജി.സിയും നിർദ്ദേശിക്കണം. ഇങ്ങനെ അഞ്ചുപേരാകും.
താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജിയും, പുനർനിയമന വിജ്ഞാപനത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജികളുമാണ് പരിഗണനയ്ക്ക് വന്നതെങ്കിലും സ്ഥിരം വി.സിമാരുടെ നിയമനത്തിലേക്ക് കോടതി കടക്കുകയായിരുന്നു.
ജൂലായ് 30ന് ഗവർണറുടെ ഹർജി പരിഗണിച്ചപ്പോൾ, സ്ഥിരം വി.സി നിയമനത്തിന് മുൻഗണന നൽകാനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും നിർദ്ദേശിച്ചിരുന്നു.