hospital

പത്തനംതിട്ട: നഗരത്തിൽ ജനറൽ ആശുപത്രി പരിസരത്ത് നിൽക്കുന്ന കൂറ്റൻ വാകമരം ചാഞ്ഞ് ടി.കെ റോഡിലെ യാത്രക്കാർക്ക് അപകട ഭീഷണിയായി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ മരം റോഡിലേക്ക് കൂടുതൽ ചാഞ്ഞതായി പരിസരവാസികൾ പറഞ്ഞു. ഉൾക്കനമില്ലാത്ത മരം ഏതുനിമിഷവും ഒടിഞ്ഞു വീഴാം. തിരക്കേറിയ റോഡിൽ മരത്തിന് കീഴിലൂടെ നിരവധി വാഹനങ്ങളാണ് സെൻട്രൽ ജംഗ്ഷനലേക്ക് പോകുന്നത്. കൂടാതെ റോഡിന്റെ ഇരുവശത്തെയും ഫുട്പാത്തിലൂടെ ആളുകൾ നടക്കുന്നത് ഒടിഞ്ഞു വീഴാറായ മരക്കൊമ്പുകൾക്ക് കീഴിലൂടെയാണ്.

മരത്തിന്റെ ശിഖരങ്ങൾ കോതാറില്ല. ബസുകളുടെയും മറ്റ് പൊക്കംകൂടിയ വാഹനങ്ങളുടെയും മുകളിൽ മരക്കൊമ്പുകൾ തട്ടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപനങ്ങളുടെയും നീളമുള്ള ഫ്ളക്സ് ബാനറുകൾ മരത്തിന്റെ ശിഖരത്തിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുകയാണ്. മരത്തലപ്പുകളും ശിഖരങ്ങളും ഭാരംകൊണ്ട് വൈദ്യുതി കമ്പികളിൽ മുട്ടുന്നുണ്ട്. മരം ഒടിഞ്ഞുവീണാൽ വൈദ്യുതി കമ്പികൾ പൊട്ടുമെന്ന സ്ഥിതിയാണ്.

മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഈ ഭാഗത്ത് കൂടുതലായി എത്തുന്നുണ്ട്. മരം അപകട ഭീഷണിയാണെന്ന കാര്യം ആശുപത്രി അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും അറിയിച്ചിട്ടുള്ളതാണെന്ന് വ്യാപാരികൾ പറഞ്ഞു.

വർഷങ്ങൾ പഴക്കമുള്ളതാണ് മരം. വേരുകൾക്ക് മുകളിലെ മണ്ണ് ഇളകിയിട്ടുണ്ട്. അപകടം ഒഴിവാക്കാൻ മരം മൊത്തമായോ വലിയ ശിഖരങ്ങളോ മുറിച്ചു മാറ്റണം.

ദേവാനന്ദ്
(പരിസരവാസി)