തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് കൃതികള്‍ കര്‍ണ്ണാടക സംഗീതത്തില്‍ ചിട്ടപ്പെടുത്തി കച്ചേരിയായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണ്ണാടക സംഗീതത്തിലെ യുവശബ്ദമായി അറിയപ്പെടുന്ന കീര്‍ത്തന രമേശ്. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ധനതത്ത്വശാസ്ത്രം എം. എ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തനയുടെ ഗുരുകൃതി സംഗീതകച്ചേരി ആഗസ്റ്റ് 18ന് ഗുരുസാഗരം ആദ്ധ്യാത്മിക കുടുംബ മാസികയുടെ ഏഴാം പിറന്നാള്‍ വേദിയിലാണ് അരങ്ങേറുന്നത്.
തൈക്കാട് ഭാരത് ഭവനിലെ ശെമ്മാങ്കുടി സ്മൃതിഹാളില്‍ വൈകിട്ട് നാലുമണിക്കാണ് കച്ചേരി നടക്കുന്നത്. വഴുതക്കാട് ഗവ. വിമന്‍സ് കോളേജ് സംഗീതവിഭാഗം അദ്ധ്യാപിക ഡോ. കെ. ആര്‍. ശ്യാമയാണ് ഗുരുകൃതികള്‍ കര്‍ണ്ണാടകസംഗീതത്തില്‍ ചിട്ടപ്പെടുത്തി പരിശീലനം നല്‍കിയത്. പ്രമുഖ സംഗീത നിരൂപകനും കവിയുമായ പി. രവികുമാറാണ് കൃതികള്‍ തിരഞ്ഞെടുത്തതും രാഗങ്ങള്‍ നിര്‍ദ്ദേശിച്ചതും. വിനായകാഷ്ടകം, ശിവപ്രസാദപഞ്ചകം, ജനനീ നവരത്‌നമഞ്ജരി, പിണ്ഡനന്ദി, അര്‍ദ്ധനാരീശ്വരസ്തവം, ദൈവദശകം, മണ്ണന്തല ദേവീസ്തവം, ഷണ്‍മുഖദശകം, ചിദംബരാഷ്ടകം എന്നിവയാണ് അരങ്ങേറ്റത്തില്‍ പാടുന്നത്.
വിനായകാഷ്ടകം നാട്ടരാഗത്തിലും ശിവപ്രസാദപഞ്ചകം ആനന്ദഭൈരവിയിലും ജനനീ നവരത്‌നമഞ്ജരി ഭൈരവി രാഗത്തിലും ചിട്ടപ്പെടുത്തിയിരിക്കുന്നു. പിണ്ഡനന്ദി ഹംസാനന്ദി രാഗത്തിലാണ് പാടുന്നത്. ബിഹാഗ് രാഗത്തില്‍ അര്‍ദ്ധനാരീശ്വരസ്തവം പാടും. ദൈവദശകം മലയമാരുത, മധുവന്തി, സുരുട്ടി രാഗങ്ങളില്‍ ആലപിക്കുന്നു. മണ്ണന്തല ദേവീസ്തവം രഞ്ജനിയിലും ഷണ്‍മുഖദശകം ഷഹാനയിലും ചിദംബരാഷ്ടകം മദ്ധ്യമാവതിയിലും ചിട്ടപ്പെടുത്തിയിരിക്കുന്നു.
ചെമ്പൈ സംഗീതോത്സവത്തിലടക്കം പ്രമുഖമായ 50 വേദികളില്‍ കര്‍ണ്ണാടകസംഗീതകച്ചേരി ഈ ചെറുപ്രായത്തില്‍തന്നെ കീര്‍ത്തന അവതരിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനസ്‌കൂള്‍ യുവജനോത്‌സവത്തില്‍ വിജയിയായിരുന്നു. കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയുടെ നൈറ്റിംഗ് ഗേള്‍ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിൻ്റെ ശിഷ്യയായ കീർത്തനക്ക് ലഭിച്ചിട്ടുണ്ട്.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന രൂപീകരിച്ച വാടപ്പുറം പി. കെ. ബാവയുടെ കൊച്ചുമകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ രമേശ് ബാബുവിന്റെയും സഹകരണബാങ്ക് ഉദ്യോഗസ്ഥയായ മിന്നുദാസിന്റെയും മകളാണ് കീര്‍ത്തന.
18ന് ഗുരുസാഗരം മാസികയുടെ ഏഴാം പിറന്നാള്‍ ആഘോഷവേദിയില്‍ പ്രശസ്ത പിന്നണി ഗായിക ബി. അരുന്ധതി ഗുരുകൃതി സംഗീതകച്ചേരി ഉദ്ഘാടനം ചെയ്യും. ഗുരുസാഗരം വാര്‍ഷികാഘോഷങ്ങള്‍ പ്രശസ്ത കവയിത്രി ഒ. വി ഉഷ ഉദ്ഘാടനം ചെയ്യും.
ഗുരുസാഗരം മാസിക ഡിജിറ്റല്‍ എഡിഷന്‍ ലോഞ്ചും ഗുരുസാഗരം സമഗ്രപതിപ്പ് പ്രകാശനവും സംവിധായകനും ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ നിര്‍വഹിക്കും. ഗുരുകൃതികള്‍ കര്‍ണ്ണാടകസംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഡോ. കെ. ആര്‍. ശ്യാമയെ ചടങ്ങില്‍ ആദരിക്കും. ചടങ്ങുകള്‍ക്ക് ഗുരുസാഗരം മാസിക പ്രസാധകനും ചീഫ് എഡിറ്ററുമായ സജീവ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.