arjun-tendulkar

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കറിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുംബയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്.

ഇടങ്കൈ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായ അർജുൻ ആഭ്യന്തര ക്രിക്കറ്റിലും 2021ലെ ഐപിഎൽ മുതൽ മുംബയ് ഇന്ത്യൻസിന്റെയും ഭാഗമാണ്. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവയായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. എന്നാൽ പൊതുവേദികളിൽ അത്ര സുപരിചിതയല്ല സാനിയ.

പ്രായത്തിൽ അർജുനേക്കാൾ ഒരു പടി മുന്നിലാണ് സാനിയ. 25 വയസാണ് അർജുന്. എന്നാൽ സാനിയയ്ക്ക് 26 വയസാണ്. 1998 ജൂൺ 23ന് ആണ് സാനിയ ജനിച്ചതെങ്കിൽ 1999 സെപ്റ്റംബർ 24ന് ആണ് അർജുൻ ജനിച്ചത്. ഇവർ തമ്മിൽ ചെറിയ പ്രായ വ്യത്യാസമാണെങ്കിലും സച്ചിൻ- അഞ്ജലി ദമ്പതികളുടെ പ്രായ വ്യത്യാസം കൂടി ചേർത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹത്തിൽ അർജുൻ പിതാവിന്റെ പാത പിന്തുടർന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

1995ൽ ആയിരുന്നു സച്ചിന്റെ വിവാഹം. അന്ന് ഇരുവർക്കുമിടയിലെ പ്രായ വ്യത്യാസം ആറായിരുന്നു. 1973 ഏപ്രിൽ 24ന് ആണ് സച്ചിൻ ജനിക്കുന്നത്. എന്നാൽ അഞ്ജലി ജനിച്ചത് 1967 നവംബർ പത്തിനാണ്. അന്ന് സച്ചിന്റെയും അഞ്ജലിയുടെയും പ്രായ വ്യത്യാസം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം അന്നത്തെക്കാലത്ത് ഇത് സാധാരണമല്ലായിരുന്നു.