beauty

മുടിയിലെ അഴുക്ക് മാറാനായി പണ്ടുകാലത്ത് താളിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, തിരക്കേറിയ ജീവിതത്തിൽ ആളുകൾ താളിക്ക് പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നത്. കെമിക്കലുകൾ ധാരാളം അടങ്ങിയ ഷാംപൂകൾ മുടിക്കും ശിരോചർമത്തിനും ദോഷമാണെന്ന് അറിയാമെങ്കിലും സമയമില്ലാത്തതിനാൽ പലരും ഇതുതന്നെ ഉപയോഗിക്കുന്നു. ഇത് മുടി കൊഴിച്ചിലും താരനും ഉണ്ടാകാൻ കാരണമാകുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഷാംപൂ പരിചയപ്പെടാം. ഇതിൽ കെമിക്കലുകൾ ഒന്നുംതന്നെയില്ലെങ്കിലും കടയിൽ നിന്ന് വാങ്ങുന്ന ഷാംപൂവിനേക്കാൾ ഗുണം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ചീവയ്‌ക്കപ്പൊടി - കാൽ കപ്പ്

സോപ്പുകായപ്പൊടി - കാൽ കപ്പ്

നെല്ലിക്കപ്പൊടി - കാൽ കപ്പ്

ആൽമണ്ട് ഗം - 10 എണ്ണം

തയ്യാറാക്കുന്ന വിധം

ഉപയോഗിക്കുന്നതിന്റെ തലേദിവസം രാത്രി തന്നെ ആൽമണ്ട് ഗം വെള്ളത്തിലിട്ട് വയ്‌ക്കുക. പിറ്റേദിവസം ആൽമണ്ട് ഗം, നെല്ലിക്കപ്പൊടി, ചീവയ്‌ക്കപ്പൊടി, സോപ്പുകായപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളത്തിൽ നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം കൂടിപ്പോകരുത്. നല്ല കട്ടിയുള്ള പരുവത്തിലാണ് ഉപയോഗിക്കേണ്ടത്.

സാധാരണ ഷാംപൂ ഉപയോഗിക്കുന്നതുപോലെ തന്നെ തലയിൽ തേച്ച് നന്നായി പതപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്. മുടിയിലെയും ശിരോചർമത്തിലെയും അഴുക്കെല്ലാം പൂർണമായും മാറുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കാണാനാകും. പുതിയ മുടി വേഗത്തിൽ വളരാനും ഈ ഷാംപൂ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.