ലണ്ടൻ: സൂപ്പർ താരം വിരാട് കൊഹ്‌ലി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് താമസം മാറുന്നതായി നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കുടുംബമായി ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പരയ്ക്ക് കാത്തിരിക്കുന്ന കൊഹ്ലി അടുത്തിടെ പരിശീലനം പുനഃരാരംഭിച്ചിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ തെരുവിലൂടെ നടക്കുന്ന കൊഹ്‌ലിയുടെയും അനുഷ്കയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
തെരുവിലൂടെ കുപ്പിയും കുടയും കെെയിൽ പിടിച്ചാണ് കൊഹ്ലിയുടെ നടപ്പ്. ഇതിനിടെ ചിലർ കൊഹ്‌ലിയോടും അനുഷ്കയോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. കൊഹ്‌ലി അനുഷ്കയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിൽ സ്ഥിരതാമസം ആക്കിയോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രശസ്തിക്കും പകരം സമാധാനം കൊഹ്‌ലി തിരഞ്ഞെടുത്തുവെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
VIRAT KOHLI & ANUSHKA SHARMA AT THE LONDON STREETS. ❤️
— Tanuj (@ImTanujSingh) August 17, 2025
pic.twitter.com/APKwpOs07G
കൊഹ്ലി ലണ്ടനിലെ സെന്റ് ജോൺസ് വുഡിലാണ് താമസിക്കുന്നതെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥൻ ട്രോട്ട് മുൻപ് സൂചന നൽകിയിരുന്നു. സോണി സ്‌പോർട്‌സിൽ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ' കൊഹ്ലി സെന്റ് ജോൺസ് വുഡിലോ അതിന് സമീപത്തോ അല്ലേ താമസിക്കുന്നത്. അദ്ദേഹത്തെ തിരിച്ചുവരാൻ നിർബന്ധിക്കാൻ കഴിയില്ല'- എന്നാണ് ജൊനാഥൻ ട്രോട്ട് പറഞ്ഞത്.