മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടനാണ് ആർ മാധവൻ. ബോളിവുഡിലും അദ്ദേഹം സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ പോസ്റ്റുകളും പലപ്പോഴും വെെറലാകാറുണ്ട്. ഇപ്പോഴിതാ മുതിർന്ന അഭിനേതാക്കൾ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുമ്പോൾ ശ്രദ്ധാലുവായിരിക്കണമെന്നാണ് നടൻ പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യമായി തിരിച്ചറിവ് ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ അങ്കിൾ എന്ന് വിളിക്കാൻ തുടങ്ങുമ്പോഴാണ്. അത് ഞെട്ടലോടെയായിരിക്കും ആദ്യം കേൾക്കേണ്ടി വരുന്നത്. പിന്നീട് ആ വിളിയുമായി പൊരുത്തപ്പെടണം''. മാധവൻ പറഞ്ഞു.
പ്രായത്തിനനുസരിച്ചുണ്ടാകുന്ന ശാരീരിക പരിമിതികളെക്കുറിച്ചും നടൻ സൂചിപ്പിച്ചു. ഒരു 22കാരനെപ്പോലെ കാര്യങ്ങൾ ചെയ്യാൻ തന്റെ ശരീരബലം അത്ര ശക്തമല്ലെന്നും മാധവൻ പറയുന്നു. കഥാപാത്രങ്ങളോടുള്ള ബഹുമാനം നിലനിർത്താൻ വിവേകപൂർവ്വം വേഷങ്ങളെയും സഹതാരങ്ങളെയും തിരഞ്ഞെടുക്കണമെന്നും തന്റെ കാര്യത്തിൽ അത് നിർണായകമാണെന്നും മാധവൻ ചൂണ്ടിക്കാണിച്ചു.
''സിനിമകൾ ചെയ്യുമ്പോൾ നായികമാരെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്നാണ് മനസ്സിലാക്കുന്നത്. കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും, സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണ പ്രേക്ഷകര്‍ക്ക് തോന്നാനുള്ള സാദ്ധ്യതയുണ്ട്. ഒരു സിനിമയില്‍ നിന്ന് അങ്ങനെയൊരു തോന്നൽ ഉണ്ടായാല്‍ ആ കഥാപാത്രത്തിന് ബഹുമാനം കിട്ടില്ല''. മാധവൻ വ്യക്തമാക്കി.
അടുത്തിടെ പുറത്തിറങ്ങിയ മാധവന്റ "ആപ് ജൈസ കോയി"ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. നടി ഫാത്തിമ സന ഷെയ്ഖിനൊപ്പം അദ്ദേഹത്തിന്റെ പ്രകടനവും വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു.