ശ്രദ്ധയോടെ ചെയ്താല്‍ ലോകം വെട്ടിപ്പിടിക്കാം പക്ഷെ ചെറിയ അശ്രദ്ധ പോലും മുതല്‍ മുടക്ക് ഉള്‍പ്പെടെ കാലിയാക്കും. ബിസിനസ് ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട രണ്ട് കാര്യങ്ങളാണിവ. ഈ പറഞ്ഞ രണ്ട് കാര്യങ്ങള്‍ക്കും ഉദാഹരണങ്ങള്‍ ലോകത്ത് നിരവധിയാണ്. ചെറിയ ഒരു പെട്ടിക്കടയില്‍ തുടങ്ങി ഇന്ന് ലോകത്തെ ഏകദേശം എല്ലാ രാജ്യത്തും വിറ്റുവരവുള്ള ഒരു കമ്പനിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഏഷ്യന്‍ രാജ്യമായ ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസംഗ് എന്ന കമ്പനിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇന്ന് കാണുന്ന നിലയിലേക്ക് ആ പ്രസ്ഥാനം എത്തിയതിന് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ കൂടി കഥയുണ്ട്.
ദക്ഷിണ കൊറിയയുടെ മൊത്തം ജിഡിപിയുടെ 17 ശതമാനം സംഭാവന ചെയ്യുന്നത് സാംസംഗ് ആണ്. അരിയും മത്സ്യവും പലചരക്ക് സാധനങ്ങളുമൊക്കെ വില്‍ക്കുന്ന ഒരു ചെറിയ പെട്ടിക്കടയില്‍ നിന്നാണ് ഇന്നത്തെ സാംസംഗിന്റെ തുടക്കം. ഗാഡ്ജറ്റുകളുടെ ലോകത്ത് കമ്പനിയുടെ പേര് അത്രമാത്രം പ്രശസ്തമാണ്. സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനയിലാണ് കമ്പനി കൂടുതലായും അറിയപ്പെടുന്നത്. 2024 വര്‍ഷത്തില്‍ മാത്രം 22.3 കോടി ഫോണുകള്‍ കമ്പനി വിറ്റഴിച്ചു.
സ്മാര്‍ട് ഫോണുകള്‍ക്ക് പുറമേ, ടെലിവിഷന്‍, എല്‍.ഇ.ഡി, ചിപ്, ക്യാമറ, ലാപ്‌ടോപ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 336 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. 1938, ലീ ബ്യുങ് ദക്ഷിണ കൊറിയയില്‍ ഒരു ചെറിയ പലചരക്ക് കട തുറക്കുകയാണ്. അരി, പഞ്ചസാര, മീന്‍, ന്യൂഡില്‍സ് തുടങ്ങിയവയാണ് പ്രധാനമായും വിറ്റിരുന്നത്. വലിയ ലാഭമില്ലെന്ന് കണ്ട് ഫിഷ്, ന്യൂഡില്‍സ് കയറ്റുമതിയും, കടയിലെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് വില്‍പനയും ആരംഭിച്ചു. 1950 വര്‍ഷത്തോടെ ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്കും ചുവടു വയ്ക്കുകയായിരുന്നു.
വര്‍ഷം 1968 ആണ് കമ്പനിയുടെ ചരിത്രത്തെ തന്നെ മാറ്റിക്കുറിച്ചത്. കാര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തണമെങ്കില്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയിലേക്ക് നേരിട്ട് ഇറങ്ങണമെന്ന് ലീ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് സാംസംഗ് ഇലക്ട്രോണിക്‌സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. 1970 വര്‍ഷത്തില്‍ ഒരു ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്ന് ബ്ലാക്ക് & വൈറ്റ് ടെലിവിഷന്‍ പുറത്തിറക്കി. 1980 വര്‍ഷത്തോടെ മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചു. 1988ല്‍ ആദ്യ മൊബൈല്‍ വിപണിയിലെത്തിക്കുകയും ചെയ്തു.
സെമി കണ്ടക്ടര്‍ ബിസിനസിന്റെ സാധ്യത മനസ്സിലാക്കിയ ലീ തന്റെ മരണത്തിന് മുമ്പ് സാംസംഗ് ഇലക്ട്രോണിക്‌സിനെയും, സാംസംഗ് സെമി കണ്ടക്ടറിനെയും ലയിപ്പിക്കുകയുണ്ടായി. ലീ ബ്യുങ് ഷുള്ളിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ മകനായ ലീ കുന്‍ ആണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ അമരത്ത്.