d

തിരുവനന്തപുരം: മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത ദുരന്തമുഖങ്ങളിൽ അപകടതീവ്രത സ്വയംകണ്ടറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ച് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ എനർജി വിഭാഗം ഗവേഷകൻ പി.ശ്രീരാജ്. ഭൂകമ്പം,പ്രളയം,അഗ്നിബാധ തുടങ്ങിയ ദുരന്തമുഖങ്ങളിൽ മനുഷ്യനോ മൃഗമോ കുടുങ്ങിയിട്ടുണ്ടോയെന്ന് ഡ്രോൺ നിർദ്ദേശംകൂടാതെ പരിശോധിക്കും. ഉണ്ടെന്ന് സൂചന ലഭിച്ചാൽ വിവരം കൈമാറും.ഇവിടേക്ക് പെട്ടെന്ന് ഫസ്റ്റ് എയ്ഡ് കിറ്റും വെള്ളവും എത്തിക്കണമെങ്കിലും സാധിക്കും.5 കിലോ വരെ ഭാരം ഇതിന് താങ്ങാനാകും.സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ദുരന്തമേഖലകളുടെ ത്രീഡി മാപ്പുകളും നിർമ്മിക്കും. ഫയർഫോഴ്സ്,ദുരന്തനിവാരണ അതോറിട്ടി,കൃഷി,വനം വകുപ്പുകൾക്ക് ശ്രീരാജിന്റെ ഡ്രോൺ ഉപകാരമാകും.

തെർമൽ ക്യാമറ വഴി തത്സമയ ചിത്രങ്ങൾ

ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള തെർമൽ ക്യാമറ എടുക്കുന്ന ദുരന്തസ്ഥലത്തെ ചിത്രങ്ങൾ തത്സമയം കൺട്രോൾ റൂമിനു കൈമാറും. ഇതുമൂലം സർവ സന്നാഹങ്ങളുമായി പൊലീസിനും ആംബുലൻസിനും അഗ്നിശമനസേനയ്ക്കും എത്താനാകും.

നിലവിൽ ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഇവ പ്രോഗ്രാം ചെയ്തതെങ്കിലും ഭാവിയിൽ കൃഷി,വാണിജ്യ,സിവിൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. വലിയ ഫാമുകളിലും വയലുകളിലും നിരീക്ഷണം നടത്തി വിളയുടെ വളർച്ച,കീടങ്ങളുടെ ആക്രമണം,വളത്തിന്റെ ആവശ്യകത,കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയും നൽകാനാകും.

20 കിലോയാണ് ഡ്രോണിന്റെ ഭാരം.

5-8 ലക്ഷം വരെയാണ് ചെലവ്.

ദുരന്തമുഖത്തെ പ്രവർത്തനത്തിനൊപ്പം കാർഷിക രംഗത്തെ പ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

- ശ്രീരാജ്.പി