മുംബയ്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ മുകേഷ് അംബാനി നേതൃത്വം നല്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 78.31 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. അതായത് തൊട്ടുമുമ്പത്തെ വര്‍ഷം 15,138 കോടിയായിരുന്നത് ഇത്തവണ 26,944 കോടിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഒരു വശത്ത് ലാഭക്കണക്കുകള്‍ കുതിക്കുമ്പോഴും മറുവശത്ത് കമ്പനിയുടെ കടത്തിലും ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ് റിലയന്‍സിന്.
ബിസിനസ് രംഗത്തെ പുത്തന്‍ ചുവടുവയ്പ്പുകളും കൂടുതല്‍ മേഖലകളിലേക്ക് പുതിയതായി നിക്ഷേപം നടത്തുന്നതുമാണ് റിലയന്‍സ് സമീപകാലത്തായി സ്വീകരിച്ചുവരുന്ന നയം. ഇത് തന്നെയാണ് കമ്പനിയുടെ മൊത്തം കടം കൂടുന്നതിലേക്കും നയിച്ചത്. 2024-25 വാര്‍ഷിക റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ കമ്പനിയുടെ മൊത്തം കടം 3.47 ലക്ഷം കോടിയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കടബാദ്ധ്യത 3.24 ലക്ഷം കോടിയാണ്.
ലാഭം വര്‍ദ്ധിക്കുമ്പോഴും കടം കൂടുന്നു, എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബിസിനസ് വികസനത്തിന് വേണ്ടിയുള്ള പണമാണ് കടമിനത്തില്‍ വര്‍ദ്ധിച്ചിട്ടുള്ളത്. ബിസിനസ് രംഗത്തെ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ട് വന്‍കിട നിക്ഷേപങ്ങളാണ് കമ്പനി നടത്തുന്നതെന്നും സാമ്പത്തികമായി മികച്ച നിലയിലാണുള്ളതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. 2025ലെ സാമ്പത്തിക വര്‍ഷത്തില്‍ ഓയില്‍ ടു കെമിക്കല്‍ പദ്ധതികളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂടുതലായും നിക്ഷേപം നടത്തിയിരിക്കുന്നത്.
പുതിയ റീടെയില്‍ സ്റ്റോറുകള്‍ തുറക്കുന്നതിന്, ഡിജിറ്റല്‍ സര്‍വീസുകളുടെ വ്യാപനം, പുതിയ എനര്‍ജി സംരംഭങ്ങള്‍, ക്രൂഡ് ഓയില്‍ കെമിക്കല്‍ കണ്‍വേര്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.