ഇന്നത്തെ അടുക്കളകളിൽ ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു ഉപകരണമാണ് പ്രഷർ കുക്കർ. പാചകം അനായാസമാക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഒരു വിധം എല്ലാ വിഭവങ്ങളും പ്രഷർ കുക്കറിൽ തന്നെ വേവിച്ചെടുക്കുന്നു. എന്നാൽ ചില ഭക്ഷണ പദാർത്ഥങ്ങൾ കുക്കറിൽ വേവിച്ചെടുക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഉയർന്ന പ്രഷറിൽ വേവിച്ചെടുക്കുമ്പോൾ ചില ഭക്ഷണങ്ങളുടെ പോഷക മൂല്യം കുറയുന്നു. കൂടാതെ ചില സമയങ്ങളിൽ ആരോഗ്യത്തിന് ഹാനീകരമായ സംയുക്തങ്ങൾ രൂപപ്പെടുന്നതിനും കാരണമാകുന്നു.
ഉയർന്ന താപനിലയിൽ പോഷകമൂല്യം നഷ്ടപ്പെടുന്നവ
ചീര, ബ്രോക്കോളി പോലുള്ള മൃദുവായ പച്ചക്കറികൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുറഞ്ഞ താപനിലയിൽ പാകം ചെയ്തെടുക്കാം. എന്നാൽ, പ്രഷർകുക്കറിൽ വേവിക്കുമ്പോൾ കുക്കറിനുള്ളിലെ ഉയർന്ന ചൂടും നീരാവിയും കാരണം അവയുടെ പോഷക മൂല്യങ്ങൾ, നിറം, ഘടന എന്നിവ നഷ്ടപ്പെടുന്നു.
പാസ്ത യും നൂഡിൽസ്
പാസ്ത, നൂഡിൽസ് അല്ലെങ്കിൽ മാക്രോണി പോലുള്ള ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ പലപ്പോഴും പാളിച്ചകൾ സംഭവിക്കാറുണ്ട്. ഇവ വളരെ വേഗം വെള്ളം ആഗിരണം ചെയ്യും. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾക്ക് ആനുപാതികമായി ചേർക്കേണ്ട വെള്ളത്തിന്റെ അളവ് നിർണ്ണയിക്കാൻ കഴിയാത്തത് കുക്കറിനുള്ളിൽ ഇവ കട്ടപിടിക്കാനും ഒട്ടിപ്പിടിക്കാനും കാരണമാകുന്നു.
കടൽ വിഭവങ്ങൾ
പ്രോഫ്രെറ്റ്, സാൽമൺ, ചെമ്മീൻ പോലുള്ള മത്സ്യങ്ങൾക്ക് വളരെ ചുരുങ്ങിയ സമയത്തെ പാചകം മതിയാകും. എന്നാൽ, കുക്കറിനുള്ളിലെ ഉയർന്ന മർദ്ദത്തിൽ അവ എളുപ്പത്തിൽ വേവുമെങ്കിലും മാംസം റബ്ബർ പോലെ കട്ടിയുള്ളതും വരണ്ടതും ആക്കുന്നു. ആവിയിൽ വേവിക്കുക, ഗ്രിൽ ചെയ്യുക അല്ലെങ്കിൽ പാൻ- സിയറിങ് പോലെ നിയന്ത്രിത ചൂടിൽ പാകം ചെയ്യുമ്പോൾ കടൽ വിഭവങ്ങൾ കൂടുതൽ രുചികരമാകുന്നു.
പാലുത്പന്നങ്ങൾ
പാൽ, ചീസ് എന്നിവ ഉപയോഗിച്ച് പാകം ചെയ്യുന്ന പനീർ പോലുള്ള കറികൾ ഉയർന്ന മർദ്ദത്തിൽ വേവിക്കരുത്. കാരണം ഉയർന്ന താപനിലയും മർദ്ദവും പാലുത്പന്നങ്ങൾ കട്ടപിടിക്കുന്നതിനും തരിതരിയായി കട്ടകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. എന്നാൽ, ചെറിയ താപനിലയിൽ ഇവ പാചകം ചെയ്യുന്നത് വിഭവങ്ങൾക്ക് മൃദുത്വം നൽകുകയും കേടാകുന്നത് തടയുകയും ചെയ്യുന്നു.
പാളിപോകുന്ന കുക്കർ പരീക്ഷണങ്ങൾ
പ്രഷർ കുക്കറിന് ഒരിക്കലും ഒരു ഓവന്റെ ഫലം നൽകാൻ കഴിയില്ല. കേക്ക് , കുക്കീസ് പോലുള്ളവ ഓവനിൽ പാചകം ചെയ്തെടുക്കുമ്പോൾ മൃദുവായി അനുഭവപ്പെടേണ്ട അവ കൂടുതൽ കട്ടിയുള്ളതാകുന്നു. കൂടാതെ അത്തരം വിഭങ്ങളുടെ പുറം ഭാഗം നഷ്ടപ്പെടുത്തുകയും രൂപഘടനയിൽ അഭംഗി സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുക്കർ ഉപയോഗിച്ചുള്ള അത്തരം പരീക്ഷണങ്ങൾ പലതും പരാജയപ്പെടുന്നത്.