rpf

കോയമ്പത്തൂര്‍: ട്രെയിനിന് ഉള്ളില്‍ വച്ച് മിഠായി കഴിച്ച കുട്ടിയെ അപകടത്തില്‍ നിന്ന് രക്ഷിച്ച് ആര്‍പിഎഫിന്റെ ഇടപെടല്‍. മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെയാണ് റെയില്‍വേ സംരക്ഷണ സേന കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. രണ്ട് വയസ്സുള്ള കുട്ടി മിഠായി തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ സജിനി എന്നിവരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാനായത്.

തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. മേട്ടുപ്പാളയത്ത് നിന്ന് പോത്തന്നൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനിന് ഉള്ളില്‍ വച്ചാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. മിഠായി തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിയ്ക്ക് ശ്വാസം കിട്ടാതായി. ഇതോടെ യാത്രക്കാരെല്ലാം ആശങ്കയിലായി. ഇതിനിടെ മൂക്കില്‍നിന്ന് രക്തമൊലിക്കുകയും കുട്ടി അര്‍ധബോധാവസ്ഥയിലാവുകയും ചെയ്തു. സെല്‍വലക്ഷ്മിയുടെ രണ്ടരവയസ്സുള്ള മകന്‍ അതിരനാണ് യാത്രയ്ക്കിടെ മിഠായി വിഴുങ്ങിയത്.

കാരമട സ്റ്റേഷനില്‍ നിന്നാണ് അമ്മയും കുട്ടിയും ട്രെയിനില്‍ കയറിയത്. അപകടത്തില്‍പ്പെട്ട കുട്ടിയെ കമഴ്ത്തി കിടത്തിയ ശേഷം പുറത്ത് നിരന്തരം അടിച്ച് മിഠായി പുറത്തെടുക്കുകയായിരുന്നു. പിന്നീട് കുട്ടിക്ക് പ്രഥമശുശ്രൂഷയും നല്‍കി. ട്രെയിന്‍ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വിശദമായി ചികിത്സ നല്‍കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.