governor

പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തില്‍ ഇന്ന് (2025 ആഗസ്റ്റ് 18) നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വിരമിച്ച സൈനികരെ ആദരിച്ചു. പൂര്‍വ്വ സൈനികരുടെ രാഷ്ട്രത്തിനായുള്ള സംഭാവനകള്‍ക്കും സമര്‍പ്പണത്തിനും സേവനത്തിനും ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ, അഡ്മിന്‍ കമാന്‍ഡന്റ് കേണല്‍ അപൂര്‍വ പ്രിയദര്‍ശിനി, കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു സൈനികര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

'ശൗര്യം', 'ശക്തി', ' ആദരം' എന്നീ വിഷയങ്ങള്‍ പ്രമേയമാക്കിയാണ് ഗവര്‍ണര്‍ പൂര്‍വ്വ സൈനികരെ ആദരിച്ചത്. വിരമിച്ച സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ, യുവാക്കള്‍ക്ക് അച്ചടക്കമുള്ള പൗരന്മാരാകാന്‍ നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗവര്‍ണര്‍ ഊന്നിപ്പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈനികര്‍ നല്‍കിയ വീരത്വത്തെയും ത്യാഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

മദ്രാസ് റെജിമെന്റിന്റെ 250-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി, രണ്ടാം ബറ്റാലിയന്റെ നേതൃത്വത്തില്‍ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച 'വീര്‍ യാത്ര' അനുസ്മരണ ബൈക്ക് റാലി ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും 23 സ്ഥലങ്ങളിലായി 1350 കിലോമീറ്റര്‍ റാലി സഞ്ചരിക്കും. 25 സൈനികരുമായി ആരംഭിച്ച റാലിയില്‍ യാത്രാമദ്ധ്യേ 40-ലധികം സൈനികരും അണിചേരും. റാലി അതിന്റെ മഹത്തായ വീര പാരമ്പര്യം പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളമുള്ള ഏകദേശം 3000 വിമുക്തഭടന്മാരെ ആദരിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.