വമ്പൻ താരനിര ഉണ്ടായിരുന്നിട്ടും ആരാധകരെ നിരാശരാക്കിയ സിനിമയാണ് സൽമാൻ ഖാൻ നായകനായെത്തിയ സിക്കന്ദർ. ബോക്സ്ഓഫീസിലും ചിത്രം അമ്പേ പരാജയപ്പെട്ടു. ഇപ്പോഴിതാ സൽമാൻ ഖാനുമൊത്ത് സിക്കന്ദർ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ മുരുഗദോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
സൽമാൻ ഖാനെപ്പോലുള്ള ഒരു താരത്തിനൊപ്പം ചിത്രീകരണം നടത്തുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹം പറയുന്നു. 'സൽമാൻ സാധാരണയായി രാത്രി എട്ട് മണിയോടെ മാത്രമേ സെറ്റിൽ എത്തുകയുള്ളൂ അതിനാൽ പകൽ രംഗങ്ങൾ രാത്രിയിൽ ചിത്രീകരിക്കേണ്ടി വരുന്നു. അതിരാവിലെ എഴുന്നേറ്റ് ഷൂട്ടിംഗിന് ശീലിച്ച ക്രൂവിന് ഈ മാറ്റം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്'.
'സൽമാൻ ഖാന്റെ വൈകിയുള്ള വരവ് മറ്റ് അഭിനേതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളെ. രാത്രി വൈകിയുള്ള ഷൂട്ടിംഗിൽ ബാലതാരങ്ങൾ പലപ്പോഴും ക്ഷീണിതരായി ഉറങ്ങിപ്പോകാറുണ്ട്. കുട്ടികളുമായി പുലർച്ചെ രണ്ട് മണിക്ക് രംഗങ്ങൾ ചിത്രീകരിക്കേണ്ടി വന്നു. ആ രംഗത്തിൽ അവർ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതാണെങ്കിൽ പോലും അത് അപ്പോൾ തന്നെ ഷൂട്ട് ചെയ്യണം.' മുരുഗദോസ് കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ, രശ്മിക മന്ദാന, കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി എന്നിവർ അണിനിരന്ന 'സിക്കന്ദർ' 2025 മാർച്ച് 30ന് ഈദ് ദിനത്തിലാണ് പുറത്തിറങ്ങിയത്. 200 കോടി ബജറ്റിൽ ലോകമെമ്പാടും 184 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.