ഗാസിയാബാദ്: വാഹനാപകടത്തിൽ വനിതാ സബ് ഇൻസ്‌പെക്‌ടർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. കാൻപൂർ സ്വദേശിയും കാവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ (25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പട്രോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകേ ചാടിയാണ് അപകടമുണ്ടായത്. നായയെ ഇടിക്കാതിരിക്കാൻ ബുള്ളറ്റ് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എസ്‌ഐയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാവിനഗർ പൊലീസ് സ്റ്റേഷന് കീഴിലെ ശാസ്‌ത്രി ഔട്ട്‌പോസ്റ്റിലാണ് റിച്ച ജോലി ചെയ്‌തിരുന്നത്. അപകടസമയത്ത് റിച്ച 50 കിലോമീറ്റർ സ്‌പീഡിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നു. ഇവരെ ഇടിച്ചിട്ട കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
2023ലാണ് റിച്ച യുപി പൊലീസിൽ ജോലിയിൽ പ്രവേശിച്ചത്. 2025 മാർച്ചോടെ മീററ്റിലെ പൊലീസ് ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം കാവിനഗർ പൊലീസ് സ്‌റ്റേഷനില്‍ നിയമിതയായി. ജോലിക്കിടെയും സിവിൽ സർവീസ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു റിച്ച. ഇവരുടെ പിതാവ് രാംബാബു കർഷകനാണ്. രാംബാബുവിന്റെ അഞ്ച് മക്കളിൽ ഏറ്റവും ഇളയയാളാണ് റിച്ച.
ബൈക്കുകൾ ഇഷ്‌ടമായിരുന്ന റിച്ച രണ്ട് വർഷം മുമ്പാണ് ബുള്ളറ്റ് വാങ്ങിയത്. കഴിഞ്ഞ ഡിസംബറിലും റിച്ചയ്‌ക്ക് ചെറിയൊരു വാഹനാപകടം സംഭവിച്ചിരുന്നു. പരിക്കേറ്റിരുന്നെങ്കിലും അവധിയെടുക്കാതെ അവർ ജോലി ചെയ്‌തിരുന്നു.