womens-world-cup

മുംബയ് : അടുത്തമാസം തുടങ്ങുന്ന ഏകദിന വനിതാ ലോകകപ്പിനും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ ഇടംകിട്ടിയില്ലെങ്കിലും മലയാളി താരം മിന്നുമണിയെ സ്റ്റാൻഡ് ബൈ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹർമൻപ്രീത്, സ്മൃതി മാന്ഥന, ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ദിയോൾ, റിച്ച ഘോഷ്, ദീപ്തി ശർമ്മ തുടങ്ങിയവർ ടീമിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഫോമിലല്ലാത്ത ഷെഫാലി വർമ്മയ്ക്ക് ഇടം ലഭിച്ചില്ല. പേസ് ബൗളർ രേണുക സിംഗ് താക്കൂർ ആറുമാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി.

ഇന്ത്യൻ ടീം

ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മാന്ഥന (വൈസ് ക്യാപ്ടൻ), പ്രതിക റാവൽ, ഹർലീൻ ദിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, യസ്തിക ഭാട്യ, സ്‌നേഹ് റാണ.

സ്റ്റാൻഡ്ബൈ : മിന്നു മണി,തേജൽ ഹസബ്‌നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമാ ചേത്രി, സയാലി സത്ഘരെ

ലോകകപ്പ് കാര്യവട്ടത്തും

സെപ്തംബർ 30 മുതൽ നവംബർ രണ്ടുവരെയാണ് വനിതാ ലോകകപ്പ് നടക്കുന്നത്. നേരത്തെ ബംഗളുരുവിൽ നടത്താനിരുന്ന ഇന്ത്യയുടെ മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇതുസംബന്ധിച്ച് ഐ.സി.സി പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

സെപ്തംബർ 30 ന് ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത് കാര്യവട്ടത്തായിരിക്കും.

ഒക്ടോബർ അഞ്ചിന് കൊളംബോയിൽ വച്ച് പാകിസ്ഥാനെ നേരിടും.

ഒൻപതിന് ദക്ഷിണാഫ്രിക്കയേയും 13ന് ഓസീസിനെയും വിശാഖപട്ടണത്ത് വച്ച് നേരിടും.

19ന് ഇംഗ്ളണ്ടിന് എതിരായ മത്സരം ഇൻഡോറിലാണ്. 23 ഗോഹട്ടിയിൽ കിവീസിനെ നേരിടും.

ഒക്ടോബർ 26ന് ഇന്ത്യയുടെ ബംഗ്ളാദേശിനെതിരായ മത്സരം കാര്യവട്ടത്തായിരിക്കും.

ഒക്ടോബർ മൂന്നിനുള്ള ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 30നുള്ള രണ്ടാം സെമിയും കാര്യവട്ടത്ത് എത്തിയേക്കും.

ലോകകപ്പിന് മുന്നോടിയായി സെപ്തംബർ 14, 17, 20 തീയതികളിലാണ് ഓസ്ട്രേലിയക്കെതിരേ ഇന്ത്യ ഏകദിന പരമ്പര കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ മുള്ളൻപൂരിലും അവസാന മത്സരം ന്യൂഡൽഹിയിലും നടക്കും.