തിരുവനന്തപുരം: വാൾ, പരിച, ഉറുമി, ചുരിക എന്നിവയൊക്കെ ഹിന്ദിയിൽ എഴുതിപ്പഠിക്കുകയാണ് ഇപ്പോൾ ഒരുകൂട്ടം വിദ്യാർത്ഥികൾ. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് പഠിക്കാനെത്തിയ മദ്ധ്യപ്രദേശിലെ മാൾവ കളരിപ്പയറ്റ് അസോസിയേഷനിലെ 9 പേരാണ് മലയാളം വാക്കുകൾ ഹിന്ദിയിൽ പറഞ്ഞും എഴുതിയും പഠിക്കുന്നത്. കാരണം ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മാൾവയിലെ മാത്രമല്ല, രാജ്യത്തെ 20ഓളം കളരിപ്പയറ്റ് അസോസിയേഷനിൽ നിന്നുള്ളവരും കേരളത്തിലെ ചുണക്കുട്ടികളോട് പോരടിക്കുന്നുണ്ട്.
മാൾവയിലെ 6 പെൺകുട്ടികളും 4 ആൺകുട്ടികളുമടങ്ങിയ സംഘം 10 ദിവസത്തെ പരിശീലനത്തിന് പൂന്തുറ ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാർഷ്യൽ ആർട്സ്, കളരിപ്പയറ്റ് ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിലാണ് എത്തിയത്. രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ട കഠിന പരിശീലനത്തിൽ ചുവട് മുതൽ ഉറുമി വരെ അഭ്യസിച്ചു. തങ്ങളുടെ നാട്ടിലെ പരിശീലനത്തിന് പുറമേയാണ് ഇവിടെയെത്തി അഭ്യാസമുറകൾ പഠിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
മാൾവയിൽ നിന്നുമാത്രമല്ല, മഹാരാഷ്ട്ര,ഉത്തർപ്രദേശ്,ഛത്തീസ്ഗഡ്,രാജസ്ഥാൻ,അസാം,ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകളും ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി പരിശീലിക്കുന്നുണ്ട്. കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ ജി.രാധാകൃഷ്ണനാണ് മുഖ്യ പരിശീലകൻ. അദ്ദേഹത്തോടൊപ്പം അദ്വൈത് പി.സോമൻ,ബി.ജിഷ്ണു, ജി.ആർ.ഭരത്,ജി.ആർ.ദീരജ്,ആന്റോ റോബിൻസൺ എന്നിവരുമുണ്ട്.ചുവടുകൾ, മെയ്പ്പയറ്റ്,ഹൈ കിക്ക് ഉറുമി വീശൽ,കൈപ്പോര് എന്നീ വ്യക്തിഗത ഇനങ്ങളും കുറുവടി, കെട്ടുകാരി, വാളും വാളും, വാളും പരിചയും, ഉറുമിയും പരിചയും എന്നീ ടീം ഇനങ്ങളിലും പരിശീലനം നൽകുന്നു.